malinyam

ആലുവ: എടയപ്പുറത്ത് മാലിന്യ നിക്ഷേപം വ്യാപകമാകുന്നു. തച്ചനാംപാറ ശ്രീഗൗരി ശങ്കര ക്ഷേത്ര വഴിയിൽ ചത്ത പശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമുയരുന്നുണ്ട്.

കീഴ്മാട് ഗ്രാമപഞ്ചായത്ത് 16 -ാം വാർഡിൽ അണ്ടികമ്പിനി ഭാഗത്ത് നിന്ന് ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് ചത്ത പശുവിനെ ഉൾപ്പെടെയുള്ള മാലിന്യം കഴിഞ്ഞ ദിവസം തള്ളിയത്. വൈകിട്ട് നട തുറക്കുന്ന സമയത്താണ് പശുവിനെ ജഡം കണ്ടത്. പകൽ സമയങ്ങളിൽ ജനസഞ്ചാരം കുറഞ്ഞ വഴിയായതിനാൽ സാമൂഹ്യവിരുദ്ധർ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇതേത്തുടർന്ന് ക്ഷേത്ര കമ്മിറ്റി പണം ചെലവഴിച്ചാണ് മാലിന്യം നീക്കിയത്. എന്നാൽ ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും മാലിന്യം തള്ളി തുടങ്ങുകയായിരുന്നു. മാലിന്യമേറിയതോടെ തെരുവുനായ്ക്കളുടെ ശല്യവും വർദ്ധിച്ചിരുന്നു. അടുത്തിടെ നാട്ടുകാരായ ചിലർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വിഷയത്തിൽ

പഞ്ചായത്ത് അധികാരികൾ അടയന്തരമായി ഇടപെടണമെന്നും മാലിന്യം നിക്ഷേപിക്കുന്നരെ പിടികൂടാൻ സി.സി ടി.വി കാമറ സ്ഥാപിക്കണമെന്നുമാണ് ആവശ്യം. ക്ഷേത്ര പരിശുദ്ധി കളങ്കപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി തച്ചനാംപാറ ശാഖാ സമിതി പ്രസിഡന്റ് പി.കെ.ഷാജി, സെക്രട്ടറി വിനൂപ് ചന്ദ്രൻ, ദേവസ്വം സെക്രട്ടറി പി.വി.സജീവൻ എന്നിവർ ആവശ്യപ്പെട്ടു.

വഴിയരികിൽ നിന്ന് മാലിന്യം നീക്കുന്നതിന് നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ആരോഗ്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ സ്നേഹ മോഹനൻ എന്നിവർ പറഞ്ഞു.