പറവൂർ: മൂത്തകുന്നം വിഘ്നേശ്വര ബോട്ട് ക്ലബ് സംഘടിപ്പിച്ച കൊട്ടുവള്ളിക്കാട് ജലോത്സവത്തിൽ എ ഗ്രേഡിൽ താണിയനും ബി ഗ്രേഡിൽ മയിൽപ്പീലിയും ജേതാക്കൾ. കഴിഞ്ഞദിവസം നടന്ന താണിയൻകടവ് വള്ളംകളിയുടെ തനിയാവർത്തനമായിരുന്നു എ ഗ്രേഡ് ഫൈനലിൽ ഇവിടേയും കണ്ടത്. തുരുത്തിപ്പുറം ബോട്ട് ക്ലബിന്റെ തുരുത്തിപ്പുറം വള്ളത്തെ പരാജയപ്പെടുത്തി താണിയൻ വിജയിച്ചു. സീസണിൽ താണിയന്റെ ആറാം കിരീടമാണിത്. ബി ഗ്രേഡ് ഫൈനലിൽ സത്താർ ഐലൻഡ് ഗരുഡ ബോട്ട് ക്ലബിന്റെ മയിൽപ്പീലി, താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗണിന്റെ ചെറിയ പണ്ഡിതനെ പരാജയപ്പെടുത്തി. എ ഗ്രേഡിൽ ആറ്, ബി ഗ്രേഡിൽ എട്ട് വള്ളങ്ങൾ വീതം ജലോത്സവത്തിൽ പങ്കെടുത്തു. മന്ത്രി ചിഞ്ചുറാണി ജലോത്സവം ഉദ്ഘാടനം ചെയ്തു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ തുഴ കൈമാറി. വിഘ്നേശ്വര ബോട്ട് ക്ലബ് ചെയർമാൻ എൻ.കെ.വിനോബ പതാക ഉയർത്തി. ഇരിങ്ങാലക്കുട ആർ.ഡി.ഒ എം.എച്ച്.ഹരീഷ്, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം സുരേഷ് ബാബു തുടങ്ങിയവർ സംസാരിച്ചു. മുനമ്പം ഡി.വൈ.എസ്.പി എം.കെ. മുരളി ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.