ആലുവ: കടുങ്ങല്ലൂർ വില്ലേജിൽ ഓഫീസർ ഇല്ലാത്തതിനാൽ ജനം വലയുന്നു. നിലവിലുണ്ടായിരുന്ന വില്ലേജ് ഓഫീസർ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിടുതൽ ചെയ്യാതെ അവധിയിലാണ്. പുതിയ ഓഫീസറെ നിയമിക്കുകയോ സമീപ വില്ലേജുകളിലെ ഏതെങ്കിലും ഓഫീസർക്ക് പകരം ചുമതല നൽകുകയോ ചെയ്തിട്ടില്ല. അതിനാൽ വിവിധ ആവശ്യങ്ങൾക്ക് അക്ഷയ വഴി നൽകിയ നിരവധി അപേക്ഷകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണ്. വില്ലേജ് ഓഫീസറുടെ ഔദ്യോഗിക മൊബൈൽ ഫോൺ ആഴ്ച്ചകളായി സ്വിച്ച് ഓഫാണ്. ജനങ്ങളുടെ ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് പഞ്ചായത്ത് പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ശ്രീകുമാർ മുല്ലേപ്പിള്ളി ആവശ്യപ്പെട്ടു. റവന്യൂ മന്ത്രിക്ക് പരാതിയും നൽകിയിട്ടുണ്ട്.