ആലുവ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ദേശീയത ഉയർത്തിപ്പിടിച്ചാണ് നാം സ്വാതന്ത്ര്യം നേടിയതെങ്കിൽ ഇന്ന് ദേശീയത അധികാരം നിലനിർത്താനുള്ള കുറുക്കുവഴി മാത്രമായി ചുരുങ്ങിയെന്ന് സുനിൽ പി. ഇളയിടം പറഞ്ഞു.

ആലുവ കെ.എ.അലിയാർ സ്മാരക വായനശാലയും പുരോഗമന കലാസാഹിത്യ സംഘം ആലുവ മേഖലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക ഭാരതത്തിൽ ശതകോടീശ്വരൻമാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ ദരിദ്രരുടെ എണ്ണവും നാൾക്കുനാൾ ഉയരുകയാണെന്ന യഥാർത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മേയർ എം.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വായനശാലാ രക്ഷാധികാരി എ.പി.ഉദയകുമാർ, വി.സലിം, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ, പി.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിനോദ് കൃഷ്ണ രചിച്ച 9 എം.എം. ബെരേറ്റ എന്ന നോവൽ സുനിൽ പി. ഇളയിടം പ്രകാശിപ്പിച്ചു.