afsal

അങ്കമാലി: അങ്കമാലിയിലും കുട്ടമശേരിയിലും കൊറിയർ സ്ഥാപനം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്‌സൽ (25), നെടുമ്പാശേരി അത്താണി പെരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെ പോലീസ് പിടികൂടി. കേസിൽ ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ പാഴ്‌സലായിവന്ന 200 ഗ്രാം എം.ഡി.എം.എ കൈപ്പറ്റി പോകുന്ന വഴിയാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുട്ടമശേരിയിലെ കൊറിയർ സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 ഗ്രാം എം.ഡി.എം.എ കൂടി പിടികൂടി. അഫ്‌സലാണ് അജ്മലിനൊപ്പം മുംബൈയിൽ നിന്ന് സാംപിൾ പരിശോധിച്ച് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവാണ് വിൽപ്പനക്കാരൻ. ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവൻകുട്ടി, നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി.പി.ഷംസ്, അങ്കമാലി ഇൻസ്‌പെക്ടർ പി.എം.ബൈജു തുടങ്ങിയവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.