ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിലെ ട്രാഫിക് സിഗ്നൽ ഒഴിവാക്കുന്നതിനായി പറവൂർ കവലയിൽ നിന്ന് വാഹനങ്ങൾ സർവീസ് റോഡിൽ കയറുന്നത് തടയണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. നിയമവിരുദ്ധ സർവീസ് മൂലം തോട്ടക്കാട്ടുകര കവലയിലും മണപ്പുറം റോഡിലും ഗതാഗത കുരുക്കും അപകടസാധ്യതയും വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് യൂത്ത് കോൺഗ്രസ് നിവേദനം നൽകി.

നാട്ടുകാരുടെ പരാതിയെ തുടർന്ന് ട്രാഫിക് പൊലീസ് 'നോ റൈറ്റ് ടേൺ' ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യമാക്കാതെ നിയമലംഘനം തുടരുകയാണ്. അടിയന്തര സാഹചര്യത്തിൽ ഇതുവഴി കടന്നുവരുന്ന ആംബുലൻസുകൾക്കും ട്രാഫിക് നിയമ ലംഘനം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് അനൂപ് ശിവശക്തി, നിയോജക മണ്ഡലം സെക്രട്ടറി ആൽഫിൻ രാജൻ, മണ്ഡലം സെക്രട്ടറിമാരായ ജെസ്‌മോൻ ജോസ്, സഞ്ജു പോൾ എന്നിവർ ചൂണ്ടിക്കാട്ടി.