പറവൂർ: വടക്കേക്കര, ചിറ്റാറ്റുകര, കോട്ടുവള്ളി പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യോഗതല യോഗത്തിൽ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. വടക്കേക്കര, ചിറ്റാറ്റുകര പഞ്ചായത്ത് പ്രദേശത്തും കൂനമ്മാവ്, കോടവക്കാട് പ്രദേശത്തും കൂടുതൽ പമ്പിംഗ് നടത്തണമെന്ന് പ്രതിപക്ഷനേതാവ് യോഗത്തിൽ നിർ‌ദേശം നൽകി. അടിക്കടി പൈപ്പ് പൊട്ടുന്നതും പമ്പിംഗ് ഹൗസിലെ വൈദ്യുതി തടസവുമാണ് ചിലപ്രദേശങ്ങളിൽ വെള്ളമെത്തിക്കാൻ സാധിക്കാതെ വരുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മഴക്കാലത്ത് റോഡുകൾ കുഴിക്കരുതെന്ന നി‌‌‌‌‌‌ർദേശവും പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിന് ദേശീയപാത അധികൃതരുടെ അനുമതി ലഭിക്കാത്തതും പല പ്രവർത്തികളും പൂർത്തിയാക്കുന്നതിന് തടസമാകുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. തുലാവർഷം കഴിയുമ്പോൾ ദേശീയപാതയിൽ പുതിയ പൈപ്പിടാൻ അനുമതി ലഭിക്കുന്നതോടെ പ്രവർത്തികൾ ആരംഭിക്കും. ഇതോടെ ചിറ്റാറ്റുകര, വടക്കേക്കര പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്ന് വി.ഡി.സതീശൻ പറഞ്ഞു. വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരായ പ്രദീപ്, അജയകുമാർ, മേരി ഷീബ, സജി, തേരസ റീനി, അനിൽ കെ.അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.