പറവൂർ: പറവൂരിലെ ഗതാഗതക്കുരുക്ക് നീക്കാൻ പ്രത്യേക നടപടി ആരംഭിച്ചുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പറവൂരിലെ മഹിളപ്പടി പാലത്തിന്റേയും വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പറവൂർ പോലെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ പട്ടണത്തെ അലട്ടുന്ന ഗതാഗത പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കാണും. ഇതിനായി കിഫ്ബിയുടെ സഹായം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ മനോഹരമായ റസ്റ്റ് ഹൗസുകളിലൊന്നാണ് പറവൂരിലേത്. ചുരുങ്ങിയ കാലയളവിൽ മികച്ച വരുമാനവും ഇവിടെ നിന്ന് ലഭിച്ചു. അതുകൊണ്ടുതന്നെ ഗ്രേഡ് വൺ പട്ടികയിലേക്ക് റസ്റ്റ് ഹൗസിനെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പറവൂർ മണ്ഡലത്തിൽ വികസനം കൊണ്ടുവരുന്ന എല്ലാ ആവശ്യങ്ങൾക്കും പൂർണ്ണപിന്തുണ പൊതുമരാമത്ത്, ടൂറിസം വകുപ്പുകൾ നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അദ്ധ്യക്ഷത വഹിച്ചു. പറവൂരിൽ സിവിൽ സ്റ്റേഷന്‍ അനെക്‌സ്, ഓപ്പൺ എയർ സ്റ്റേഡിയം എന്നിവ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ മഹിളപ്പടി പാലത്തിന്റെയും ചേന്ദമംഗലം, വടക്കേക്കര, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുകളിലെ വിവിധ റോഡുകളുടെ ഉദ്ഘാടനവും പറവൂർ നഗരസഭ, ഏഴിക്കര ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിച്ചത്. ജനപ്രതിനിധികളായ വി.എ. പ്രഭാവതി, സിംന സന്തോഷ്, കെ.ഡി.വിൻസെന്റ്, കെ.എസ്.ഷാജി, ദിവ്യ ഉണ്ണികൃഷ്ണൻ, രശ്മി അനിൽകുമാർ, ശാന്തിനി ഗോപകുമാർ, ഇ.ജി.ശശി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ എം.ജി.അജിത്, എസ്.സജീവ്, ടി.എസ്.സുജാറാണി, സി.എം.സ്വപ്ന എന്നിവർ സംസാരിച്ചു.