സങ്കടക്കടലായി സ്കൂൾ മുറ്റം
കൊച്ചി: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഏറെ സന്തോഷത്തോടെ പോയ ഉല്ലാസയാത്ര പാതിവഴിയിൽ ദുരന്തമായി പര്യവസാനിച്ച വാർത്തയറിഞ്ഞ് നാട് ഒന്നടങ്കം തേങ്ങി. മുളന്തുരുത്തി വെട്ടിക്കൽ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽ നിന്ന് എല്ലാ വർഷവും വിനോദ യാത്ര പോകാറുണ്ട്. കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ രണ്ടു വർഷം യാത്ര മുടങ്ങി. ഇത്തവണ ഉൗട്ടിയിലേക്കാണ് യാത്ര നിശ്ചയിച്ചത്. എസ്.എസ്.എൽ.സി, പ്ളസ് വൺ, പ്ളസ് ടു കാർ മാത്രം മതിയെന്നു നിശ്ചയിച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചിന് സ്കൂളിൽ നിന്നു ബസ് പുറപ്പെടുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ രണ്ടു മണിക്കൂർ വൈകി ഏഴിനാണ് യാത്ര തുടങ്ങിയത്. വേളാങ്കണ്ണി ട്രിപ്പ് കഴിഞ്ഞു ബസ് വരാൻ വൈകിയതാണ് കാരണം. വേളാങ്കണ്ണി യാത്രാസംഘത്തിലെ ഒരു കുട്ടിയെ കാണാതായതിനാലാണ് എത്താൻ വൈകിയതെന്ന് ടൂറിസ്റ്റ് ബസ് ജീവനക്കാർ പറഞ്ഞു.
സ്കൂളിൽ നിന്നു അത്താഴവും പായ്ക്ക് ചെയ്തായിരുന്നു യാത്ര. ഇടയ്ക്ക് ഭക്ഷണം കഴിക്കാനായി ബസ് ഒതുക്കി. പിന്നീട് പാപ്പൻ സിനിമ വച്ചു. അതു കഴിഞ്ഞപ്പോൾ മുതൽ ബസ് അമിതവേഗതയിലായിരുന്നുവെന്ന് കുട്ടികൾ പറയുന്നു. ബസിന്റെ വേഗത കുറയ്ക്കണമെന്ന് പറയുന്നതിനായി പിൻ സീറ്റിലിരുന്ന പി.ടി. അദ്ധ്യാപകനായ വിഷ്ണു ഡ്രൈവറുടെ അടുത്തേക്ക് നീങ്ങി. ഫോൺ ചാർജു ചെയ്യാൻ വയ്ക്കണമെന്നു പറഞ്ഞ് ഇമ്മാനുവലും സാറിന്റെ പിന്നാലെ പോയി. തൊട്ടടുത്ത നിമിഷത്തിലായിരുന്നു ബസിലെ ആറു പേരുടെ ജീവനെടുത്ത അപകടം .
തേങ്ങലോടെ സഹപാഠികൾ
വർഷങ്ങളായി പഠിച്ചും കളിച്ചും വളർന്ന സ്കൂൾ അങ്കണത്തിലേക്ക് അഞ്ചു വിദ്യാർത്ഥികളുടെയും അവരുടെ അദ്ധ്യാപകന്റെയും മൃതദേഹങ്ങൾ എത്തിയപ്പോൾ തിങ്ങിക്കൂടിയവർക്കു ദുഖമടക്കാനായില്ല.
പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന എറണാകുളം തിരുവാണിയൂർ വണ്ടിപ്പേട്ട ചെമ്മനാട് വെമ്പിലമട്ടത്തിൽ വീട്ടിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസി (15) ന്റെ മൃതദേഹമായിരുന്നു ആദ്യം പുറത്തേക്കെടുത്തത്. സ്കൂൾ മുറ്റത്തെ പ്രത്യേകം ഒരുക്കിയ പന്തലിലേക്ക് മൃതദേഹം കൊണ്ടുവന്നതോടെ അദ്ധ്യാപകരും സഹപാഠികളും കൂട്ടക്കരച്ചിലായി.
തൊട്ടുപിന്നാലെ സ്കൂളിലെ കായിക അദ്ധ്യാപകനായ മുളന്തുരുത്തി ഇഞ്ചിമല വടത്തറയിൽ കുട്ടപ്പന്റെ മകൻ വി.കെ.വിഷ്ണു (33)വിന്റെ മൃതദേഹം പന്തലിലെത്തിച്ചു. പിന്നാലെ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി പൊറ്റയിൽ വീട്ടിൽ പി.സി.തോമസിന്റെ മകൻ ക്രിസ് വിന്റർ ബോൺ തോമസ് (15), മുളന്തുരുത്തി ആരക്കുന്നം കാഞ്ഞിരക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സി.എം.സന്തോഷിന്റെ മകൻ സി.എസ്.ഇമ്മാനുവൽ (17), മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മി നിലയത്തിൽ രാജേഷ് ഡി.നായരുടെ മകൾ ദിയ രാജേഷ് (15), ഉദയംപേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അജിത്തിന്റെ മകൾ അഞ്ജന അജിത്ത് (17) എന്നിവരുടെ മൃതദേഹങ്ങളും പന്തിലേക്ക് എത്തിച്ചു.
വിങ്ങുന്ന ഹൃദയവുമായി തടിച്ചുകൂടിയ ആളുകളെ നിയന്ത്രിക്കാൻ സ്‌കൂൾ അധികൃതർക്ക് ഏറെ പണിപ്പെടേണ്ടിവന്നു. മൂന്നരയോടെ പൊതുദർശനം അവസാനിപ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകാൻ സാധിച്ചത്. അപ്പോഴും കുട്ടികളുടെ ഭൗതികദേഹം ഒരുനോക്ക് കാണാൻ കഴിയാതെ പോയ നൂറു കണക്കിനാളുകൾ സ്കൂൾ അങ്കണത്തിൽ നിറകണ്ണുകളുമായി നിൽക്കുന്നുണ്ടായിരുന്നു.