
കൊച്ചി: വടക്കാഞ്ചേരി ലൈഫ്‌മിഷൻ അഴിമതിക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ സി.ബി.ഐ എട്ട് മണിക്കൂർ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. കൊച്ചിയിലെ സി.ബി.ഐ ആസ്ഥാനത്ത് രാവിലെ പത്തരയ്‌ക്ക് ശിവശങ്കർ ഹാജരായി.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെയും മറ്റും മൊഴികൾ അടിസ്ഥാനമാക്കി സി. ബി. ഐ ചോദ്യാവലി തയ്യാറാക്കിയിരുന്നു.
ലൈഫ്‌മിഷൻ ഫ്ളാറ്റ് നിർമ്മിക്കാൻ കരാർ നൽകിയതിൽ വൻതുക കൈക്കൂലി വാങ്ങിയെന്നാണ് ശിവശങ്കറിനെതിരായ ആരോപണം. യു.എ.ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ശിവശങ്കറും ഇത് വീതിച്ചെടുത്തെന്ന് സ്വപ്ന ആരോപിച്ചിരുന്നു. സ്വപ്ന, സന്ദീപ് നായർ എന്നിവരും പ്രതികളാണ്. സ്വപ്നയുടെ ബാങ്ക് ലോക്കറിൽ എൻ.ഐ.എ കണ്ടെത്തിയ ഒരുകോടി രൂപ ശിവശങ്കറിനുള്ള കോഴയായിരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞദിവസം സ്വപ്നയെ സി.ബി.ഐ രണ്ടാംതവണയും ചോദ്യം ചെയ്തിരുന്നു.
ലൈഫ്‌മിഷൻ സി.ഇ.ഒ യു.വി. ജോസ്, യുണിടെക് എം.ഡി സന്തോഷ് ഈപ്പൻ എന്നിവരുടെ മൊഴിയും എടുത്തിട്ടുണ്ട്.
ലൈഫ്‌മിഷന്റെ പേരിൽ 4.48 കോടി രൂപ സ്വപ്ന ഉൾപ്പെടെയുള്ളവർക്ക് കൈക്കൂലി നൽകിയെന്ന് സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. സി.ബി.ഐ അന്വേഷണത്തിനെതിരെ യു.വി ജോസ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കോടതി അനുമതി നൽകുകയായിരുന്നു. അതിനുശേഷമാണ് സ്വപ്നയെയും ശിവശങ്കറിനെയും മൊഴിയെടുക്കാൻ വിളിച്ചത്.