പറവൂർ: പൊലീസിനെ ആക്രമിച്ച മദ്യപാനി സംഘത്തിലെ നാല് പേർ അറസ്റ്റിൽ. തുരുത്തിപ്പുറം സ്വദേശി ബിജു (മല്ലൻ ബിജു,50), ഓണത്തുകാട് സ്വദേശി ശാന്തിലാൽ (36), കൂട്ടുകാട് സ്വദേശി സ്മിത്ത് (കണ്ണൻ, 36), പരുവത്തുരുത്ത് സ്വദേശി സെബാസ്റ്റ്യൻ (സെബാട്ടി, 33) എന്നിവരെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വടക്കേക്കര ഓണത്തുകാട് ഭാഗത്ത് ദേശീയപാതയ്ക്കായി ഏറ്റെടുത്ത സ്ഥലത്ത് സംഘം മദ്യപാനത്തിനും ലഹരി ഉപയോഗത്തിനും ഒത്തുചേരാറുണ്ട്. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ ഇവർ സ്ത്രീകളെയും കുട്ടികളെയും ശല്യംചെയ്തു. ഇതറിഞ്ഞ് സ്ഥലത്തെത്തിയെ പൊലീസിനെ സംഘം ആക്രമിക്കുകയായിരുന്നു. ഇൻസ്‌പെക്ട‌ർ വി.സി.സൂരജ്, ഉദ്യോഗസ്ഥരായ എം.എസ്.ഷെറി, റസാഖ്, ബേബി കൃഷ്ണകുമാർ, മിറാഷ്, പ്രവീൺ ദാസ്, സിജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.