vadakkanchery-accident

കൊച്ചി: വടക്കഞ്ചേരി​ വാഹനാപകടത്തി​ൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാരായ ആന്റണി രാജുവും,മുഹമ്മദ് റിയാസും മുളന്തുരുത്തി​ വെട്ടിക്കൽ ബസേലി​യസ് സ്കൂളി​ൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. അപകടത്തെക്കുറിച്ച് റോഡ് സേഫ്റ്റി കമ്മിഷണർ അന്വേഷണം നടത്തും. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിനോദയാത്രയ്ക്ക് ബസ് ബുക്കു ചെയ്യുമ്പോൾ മോട്ടോർ വാഹന വകുപ്പിനെ അറിയിച്ച് ക്ലിയറൻസ് വാങ്ങണമെന്ന് കഴിഞ്ഞ ജൂലായി​ൽ സർക്കുലർ ഇറക്കിയിരുന്നു.നിയമങ്ങൾ ഇല്ലാത്തതു കൊണ്ടല്ല, അത് പാലിക്കുന്നതിൽ ചില ബസ് ഉടമകൾ കാട്ടുന്ന ഉദാസീനതയാണ് അപകടങ്ങൾക്ക് കാരണമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. നാലു ദിവസം തുടർച്ചയായി വേളാങ്കണ്ണിക്ക് ബസ് ഓടിച്ച ഡ്രൈവറെ വീണ്ടും മറ്റൊരു ദീർഘദൂരയാത്രക്ക് നിയോഗിച്ച വാഹന ഉടമയും ഈ ദുരന്തത്തിന് ഉത്തരവാദിയാണ്. ഇത്തരം ഡ്രൈവർമാരുടെ പൂർവകാല ചരിത്രം കൂടി പരിശോധിച്ചു വേണം ജോലിക്ക് നിയോഗിക്കാൻ.അപകടത്തിൽ മരണമടഞ്ഞ വിദ്യാർത്ഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ കൂടിയാലോചിച്ച് ആവശ്യമായത് ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി റിയാസ് പറഞ്ഞു.