കളമശേരി: യു.ഡി.എഫ് ഭരിക്കുന്ന കളമശേരി സർവീസ് സഹകരണ ബാങ്കിൽ വീണ്ടും പാർട്ടി നിർദ്ദേശം അട്ടിമറിച്ച് വിമത വിഭാഗം സ്ഥാനാർത്ഥി വി.കരുണാകരൻ പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള സീറ്റിൽ വിജയിച്ചു. പാർട്ടി നിർദ്ദേശിച്ച സ്ഥാനാർത്ഥി എം.ടി.ശിവന് 4 വോട്ടും കരുണാകരന് 7 വോട്ടുമാണ് ലഭിച്ചത്. ബാങ്ക് ഭരണസമിതിയിൽ പട്ടികജാതി അംഗമായിരുന്ന ഷാനവാസിനെ വായ്പ കുടിശികയുടെ പേരിൽ ഭരണസമിതി അംഗത്വത്തിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നുള്ള ഒഴിവിലാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. മുൻ പ്രസിഡൻ്റ് ടി.കെ കുട്ടിയ്ക്ക് അസുഖത്തെ തുടർന്ന് യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പതിറ്റാണ്ടുകളായി യു.ഡി.എഫ് ഭരിക്കുന്ന സഹകരണ ബാങ്കിലെ പ്രസിഡൻ്റായിരുന്ന ടി.കെ കുട്ടിയെ ഡി.സി.സിയുടെ നിർദ്ദേശം അട്ടിമറിച്ച് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതും വിവാദമായിരുന്നു. ഇതിനെ തുടർന്ന് വിമതപക്ഷത്തിന് നേതൃത്വം കൊടുത്ത ഭരണ സമിതി അംഗങ്ങൾക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ എടുത്തിരുന്നു. നേതൃത്വത്തിൻ്റെ അനുരഞ്ജന നീക്കങ്ങൾ അട്ടിമറിക്കുന്ന വിമത വിഭാഗം പാർട്ടിയേയും പ്രവർത്തകരേയും വെല്ലുവിളിക്കുകയാണെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് വി.കെ.ഷാനവാസ് ആരോപിച്ചു.