പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ മാനാഞ്ചേരികുന്നിൽ പുതുതായി നിർമ്മിച്ച വാട്ടർ ടാങ്കിന്റെ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു. വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുള്ള കുടിശിക മൂലമാണ് കണക്ഷൻ നൽകാത്തത്. അതാണ് വാട്ടർ ടാങ്കിന്റെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നത്. കുടിശിക തീർക്കാതെ പുതിയ കണക്ഷന് പന്ത്രണ്ട് ലക്ഷം ഡെപ്പോസിറ്റ് ചെയ്താൽ വൈദ്യുതി കണക്ഷൻ നൽകാമെന്ന് ചീഫ് എൻജിനിയർ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ അറിയിച്ചിരുന്നു. ഇതിനായി വാട്ടർ അതോറിറ്റി തുടർനടപടി സ്വീകരിക്കും. വാട്ടർ ടാങ്കിന്റെ പ്രവർത്തനം തുടങ്ങിയാൽ പഞ്ഞിപ്പള്ള, തുരുത്തിപ്പുറം, തുരുത്തൂർ, വള്ളാട്ടുപ്പുറം, പുലയൻതുരുത്ത് എന്നീ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.