ആലുവ: നട്ടെല്ലിന് പരിക്കേറ്റ് ചക്രക്കസേരയിൽ ജീവിതം മുന്നോട്ട് നയിക്കുന്നവർക്ക് അനുയോജ്യമായ തൊഴിൽ നൽകി
സ്വയംപര്യാപ്തരാക്കുന്ന പദ്ധതി പ്രകാരം കോതമംഗലം പീസ് വാലിയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായുള്ള ഓട്ടോറിക്ഷ വിതരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇന്ന് രാവിലെ 10.30ന് ആലുവയിൽ ഉദ്ഘാടനം ചെയ്യും.

ആലുവ കടുങ്ങല്ലൂർ സ്വദേശി അനിൽകുമാറിനാണ് ഓട്ടോറിക്ഷ കൈമാറുന്നത്. ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ രീതിയിൽ ബ്രേക്ക്, സീറ്റ് എന്നിവ സജ്ജീകരിച്ചിരിക്കുന്നതാണ് ഓട്ടോറിക്ഷ. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം എട്ട് പേർക്ക് പീസ് വാലി ഓട്ടോറിക്ഷകൾ നൽകിയിട്ടുണ്ട്. കൂടാതെ ബാഗ് നിർമ്മാണം, എൽ.ഇ.ഡി ബൾബ് നിർമ്മാണം, പേപ്പർ കവർ നിർമ്മാണം എന്നീ പദ്ധതികളിലൂടെ നിരവധി പേരാണ് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിയത്.