മൂവാറ്റുപുഴ: കിടപ്പു രോഗികൾക്ക് അടക്കം നൂറുകണക്കിന് പേർക്ക് സാന്ത്വനമേകി മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് യൂണിറ്റ്. ഒരു പതിറ്റാണ്ട് മുൻപ് പരിമിതമായ സൗകര്യങ്ങളോടെ പ്രവർത്തനം ആരംഭിച്ച തണൽ ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ പാലിയേറ്റീവ് യൂണിറ്റാണ്. പാലിയേറ്റീവിന് പുറമെ പുതുതായി തുടങ്ങിയ സൈക്യാട്രി യൂണിറ്റും മൂന്നു മാസത്തിനിടെ നിരവധി രോഗികൾക്ക് ആശ്വാസമേകിക്കഴിഞ്ഞു. മൂവാറ്റുപുഴ നഗരസഭയിലും പത്ത് പഞ്ചായത്തുകളിലുമായി പ്രവർത്തിക്കുന്ന യൂണിറ്റ് നിലവിൽ 800ലധികം രോഗികൾക്ക് ഗൃഹകേന്ദ്രീകൃത പരിചരണം നൽകി വരുന്നുണ്ട്. സ്ത്രീകളടക്കം നൂറോളം സേവന സന്നദ്ധരായ വളണ്ടിയർമാരാണ് തണലിന്റ മുതൽക്കൂട്ട്. കിടപ്പ് രോഗികൾക്ക് ആവശ്യമായ മുഴുവൻ ഉപകരണങ്ങളും തണൽ നൽകുന്നു. തണൽ സൈക്യാട്രീ യൂണിറ്റ് അർഹരായ രോഗികൾക്ക് ചികിത്സയും കൗൺസലിംഗും സൗജന്യ മരുന്നും നൽകി സേ

വന രംഗത്ത് മാതൃകയായി. സ്വാന്തന പരിചരണ രംഗത്ത് മാതൃകയായ തണലിന്റെ പുതിയ മന്ദിരത്തിന്റ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 15000 സ്ക്വയർ ഫീറ്റിൽ തണൽ" ഹോസ് പീസ് " പ്രൊജക്ട് എന്ന പേരിൽ മൂന്നു നിലകളിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റ ഒന്നാം നില പൂർത്തിയായിട്ടുണ്ട്. 20 പാലിയേറ്റീവ് രോഗികൾക്ക് കിടത്തി പരിചരണം നൽകുന്നതിനുള്ള സൗകര്യം അടക്കുമുള്ള പദ്ധതിയിൽ 10 രോഗികൾക്ക് ഫിസിയോതെറാപ്പി സൗകര്യം നൽകുന്ന യൂണിറ്റ്, 20 നിർദ്ധന രോഗികളെ പരിചരിക്കുന്ന അഗതിമന്ദിരം എന്നിവയുണ്ട്. സൗജന്യ ആംബുലൻസ് സർവീസും തണൽ നൽകിവരുന്നുണ്ട്.