മൂവാറ്റുപുഴ: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷത്തിന് മസ്ജിദുകളും മദ്രസകളും ഒരുങ്ങി. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷം ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ചടങ്ങുകൾ മാത്രമാണ് നടന്നത്. ഇക്കുറി നിയന്ത്രണങ്ങൾ ഒഴിവായതിനാൽ വിപുലമായ പരിപാടികളോടെയാണ് നബിദിനാഘോഷം.
മസ്ജിദുകളിലെല്ലാം എല്ലാ ദിവസവും പ്രവാചക പ്രകീർത്തന സദസുകൾ നടന്നുവരുന്നു. മസ്ജിദുകളും മദ്രസകളും കൊടി,തോരണങ്ങൾ കൊണ്ട് അലങ്കരിച്ച് ദീപാലങ്കാരങ്ങൾ ഒരുക്കിക്കഴിഞ്ഞു. മദ്രസ വിദ്യാർത്ഥികളുടെ റാലിയാണ് നബിദിനാഘോഷത്തിലെ മുഖ്യ ആകർഷണം. വിവിധ വർണങ്ങളിലുള്ള കൊടി, ബലൂൺ, ദഫ് സംഘം എന്നിവയുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയാണ് നടക്കുക. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്ക് തെരുവോരങ്ങളിൽ മത സൗഹാർദ്ദത്തിന്റെ സന്ദേശം വിളിച്ചോതി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മധുര പലഹാരം, പായസം, ശീതളപാനിയങ്ങൾ എന്നിവ വിതരണം ചെയ്യും. നബിദിനത്തോടനുബന്ധിച്ച് മദ്രസകളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികളും മതപ്രഭാഷണങ്ങളും അന്നദാനവും ഒരുക്കിയിട്ടുണ്ട്. ഇക്കുറി നബിദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാരിന്റെ ലഹരിമുക്ത കേരളം കാമ്പയിന് പിന്തുണയേകി മസ്ജിദുകളുടെയും മദ്രസകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസുകളും സെമിനാറുകളും നടത്തുന്നുണ്ട്.