മൂവാറ്റുപുഴ: മഞ്ഞങ്ങൂർ പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് ജീവനക്കാരെ തടഞ്ഞു. ഉച്ചയോടെ നടത്തിയ ഉപരോധം വൈകിട്ട് അഞ്ചരയോടെ പൊലീസ് ഇടപെടലിലാണ് അവസാനിച്ചന്. രണ്ടു സ്ഥാപനങ്ങളിലെ ലൈസൻസ് പുതുക്കി നൽകുന്നതുമായി ബന്ധപ്പെട്ടാണ് പഞ്ചായത്തിലെ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തിൽ ജീവനക്കാരെ തടഞ്ഞത്. പ്രവർത്തിച്ചുകൊണ്ടിരുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കിനൽകാൻ അകാരണമായി കാലവിളംബം വരുത്തിയ ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരേയാണ് ഉപരോധിച്ചതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു. മടക്കത്താനം പ്രദേശത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന രണ്ടു സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ പഴയ ലൈസൻസ് സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടിയിരുന്നതിനാൽ മറ്റു രേഖകൾ പഞ്ചായത്തിൽനിന്ന് ആവശ്യപ്പെടുകയായിരുന്നു. വൈകുന്നേരം അഞ്ചിനുശേഷവും ഉപരോധം തുടർന്നതോടെ ജീവനക്കാർ പൊലീസിൽ അറിയിക്കുകയായിരുന്നു.