മൂവാറ്റുപുഴ: നഗരസഭയെ ഹരിതപൂർണമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഹരിത മൂവാറ്റുപുഴ പദ്ധതിയുടെ ഭാഗമായി മൂന്നുടൺ തുണി മാലിന്യങ്ങൾ ശേഖരിച്ചു. 28 വാർഡുകളിൽ നിന്നാണ് 50 ഹരിത കർമ്മസേന അംഗങ്ങൾ പഴയതും പുനരുപയോഗ്യവും ഉപയോഗശൂന്യവുമായ വസ്ത്രങ്ങൾ ശേഖരിച്ചത്.
നിലവിൽ മൂവാറ്റുപുഴ നഗരസഭയിലെ മെറ്റീരിയൽ കളക്ഷൻ സെന്ററിൽ (എം .സി.എഫ്) സൂക്ഷിച്ചിരിക്കുന്ന തുണിമാലിന്യങ്ങളിൽ പുനരുപയോഗിക്കാൻ കഴിയുന്നവ ഈറോഡ്, കോയമ്പത്തൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിലേക്ക് കൈമാറും. പുനരുപയോഗിക്കാൻ സാധിക്കാത്തവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. പദ്ധതിയുടെ ഭാഗമായി നഗരസഭ പരിധിയിൽനിന്ന് മാലിന്യങ്ങൾ നീക്കംചെയ്യാൻ 9496002423 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടണമെന്ന് ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു.