കോലഞ്ചേരി: തണ്ണീർത്തട നിയമം, മൺപാത്ര നിർമ്മാണമേഖലയെ കണ്ണീരിലാക്കി. കളിമണ്ണ് കിട്ടാനില്ലാതായതോടെ ഒരു സമുദായത്തിന്റെ ഉപജീവന മാർഗമായിരുന്ന കുലത്തൊഴിൽ അന്യമായി. വരുമാനത്തിൽ ഗണ്യമായ കുറവുവന്നതോടെ പരമ്പരാഗത തൊഴിലാളികൾ മൺപാത്ര നിർമ്മാണത്തിൽനിന്ന് അകന്നു. ഇഷ്ടിക നിർമ്മാണത്തിന് മണ്ണെടുത്ത പാടങ്ങളിൽനിന്ന് ലഭിച്ചിരുന്ന കളിമണ്ണ് കൊണ്ടായിരുന്നു ജില്ലയിൽ മൺപാത്ര നിർമ്മാണം നടന്നിരുന്നത്. ഇഷ്ടിക നിർമ്മാണം നിലച്ചതോടെ മണ്ണിന്റെ ലഭ്യതയിൽ വൻതോതിൽ കുറവുണ്ടായി. പാടങ്ങളിൽനിന്ന് പന്ത്രണ്ടടി താഴ്ചയിൽ മേൽമണ്ണ് നീക്കംചെയ്താണ് കളിമണ്ണ് ശേഖരിക്കുന്നത്. തണ്ണീർത്തടനിയമം നിലവിൽ വന്നതോടെ കളിമണ്ണ് ഖനനം പൂർണമായും നിലച്ചു.
*മണ്ണിന് ഈടാക്കുന്നത് അമിതവില
ഉത്പന്നങ്ങളുടെ നിർമ്മാണത്തിനും വിപണനത്തിനുമായി ഖാദിബോർഡിന്റെ കീഴിൽ കീഴ്മാട് സഹകരണസംഘം പ്രവർത്തിക്കുന്നുണ്ട്. ഊരമനയിൽ മുപ്പതോളം വീടുകളിൽ നിർമ്മാണമുണ്ടായിരുന്നിടത്ത് ഇന്ന് മൂന്ന് വീടുകളിൽ മാത്രമായിചുരുങ്ങി. വൈക്കത്തുനിന്ന് അരച്ച് ഇഷ്ടിക രൂപത്തിലും തൃശൂരിൽ നിന്നും ലോഡായുമാണ് നിലവിൽ മണ്ണ് ലഭിക്കുന്നത്. അമിത വിലയാണ് ഇടനിലക്കാർ മണ്ണിന് ഈടാക്കുന്നത്.
സംസ്‌കാരത്തിന്റെ തന്നെ ഭാഗമായിരുന്ന മൺപാത്ര നിർമ്മാണം സംരക്ഷിക്കാൻ സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ട് വരണമെന്നാണ് പരമ്പരാഗത തൊഴിലാളികളുടെ ആവശ്യം.
*നിർമ്മാണരീതി ഇങ്ങനെ
ജില്ലയിൽ മൺപാത്ര നിർമ്മാണം നിലവിലുള്ളത് ഇളവൂർ, പറവൂർ, തന്നപ്പിള്ളി, കരുമാലൂർ, കീഴ്മാട്, എരൂർ, ഊരമന, പിറവം, എഴിപ്രം, ചെങ്ങമനാട്, പാമ്പാക്കുട, പെരുവംമൂഴി, ചേരാനെല്ലൂർ എന്നിവിടങ്ങളിലാണ്. കളിമണ്ണ് നല്ലവണ്ണംചവിട്ടി പതംവരുത്തിയശേഷം പൂഴിമണലുമായി യോജിപ്പിച്ച് ചക്രത്തിൽ പിടിപ്പിക്കുകയാണ് നിർമാണത്തിന്റെ ആദ്യഘട്ടം. ചക്രംകറക്കി കൈകൊണ്ട് പാത്രങ്ങൾ മെനഞ്ഞെടുക്കും. ഇവ വെയിലത്ത് ഉണക്കി അടിച്ച് ഉറപ്പിച്ച് മിനുസപ്പെടുത്തിയശേഷം ചൂളയിൽ ചുട്ടെടുക്കും.
ഒരു ചൂളയ്ക്ക് തീകൊടുക്കാൻ അഞ്ചുകെട്ട് വിറകും 150 മുടി വൈക്കോലും വലിയകട്ട വിറകുകളും വേണം. വൈക്കോലിന് വില വർദ്ധിച്ചതും നിർമാണത്തിന് തിരിച്ചടിയായി.
*അത്താണിയായി
ചെത്തുതൊഴിലാളികൾ
കുലത്തൊഴിലായ മൺപാത്ര നിർമാണത്തെ പിടിച്ചുനിറുത്തുന്നത് ചെത്തുതൊഴിലാളികളുടെ പിന്തുണയാണ്. ഇന്ന് കൂടുതലും വില്പന നടത്തുന്നത് കള്ള് ചെത്ത് തൊഴിലാളികൾ ഉപയോഗിക്കുന്ന മാട്ടം (മൺകലം) ആണ്.
ഒരു മാട്ടത്തിന് 120 രൂപവരെ ലഭിക്കും. രണ്ട് ദിവസംവണം ഒരു കലം ഉണ്ടാക്കാൻ. എന്നാൽ കാര്യമായ വരുമാനം തൊഴിലിൽ നിന്നും ലഭിക്കുന്നില്ല. തലമുറകളായി തുടർന്നുവന്നതിനാൽ തൊഴിൽ ഉപേക്ഷിക്കാനും കഴിയുന്നില്ല. പുതിയ തലമുറ ആരും ഈ മേഖലയിലേയ്ക്ക് വരുന്നില്ല.
തങ്കപ്പൻ, പരമ്പരാഗത മൺമാത്ര നിർമ്മാണ
തൊഴിലാളി, പെരുവുംമൂഴി