തൃപ്പൂണിത്തുറ: കലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന് തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കീഴിൽ ഫൈൻ ആർട്ട്സ് സൊസൈറ്റി ഓഫ് തൃപ്പൂണിത്തുറ (FAST) എന്ന സംഘടന രൂപം കൊള്ളുന്നു. സംഘടനയുടെ ഉദ്ഘാടനം 11ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിക്കും. കണ്ണൻ തിരുവാങ്കുളം രൂപകൽപ്പന ചെയ്ത സൊസൈറ്റിയുടെ ലോഗോ കെ.ബാബു എം.എൽ.എ പ്രകാശനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സൊസൈറ്റിയുടെ അവതരണ ഗാനം സംഗീത സംവിധായകൻ ബിജിബാൽ പ്രകാശനം ചെയ്യും.

വാചികം 2022

കേരള സംഗീത നാടക അക്കാഡമിയും തൃപ്പൂണിത്തുറ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടൻതുള്ളൽ- ചാക്യാർകൂത്ത് മഹോത്സവം 'വാചികം 2022' 10 മുതൽ 14 വരെ ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിൽ നടക്കും.

കേരള സംഗീത നാടക അക്കാഡമിയുടെ ധനസഹായ പദ്ധതികളിൽ പെടുന്ന ഓട്ടൻതുള്ളൽ,​ ചാക്യാർകൂത്ത് മഹോത്സവമാണ് വാചികം. പത്താം തിയതി ഇരുമ്പനം തണ്ണീർച്ചാൽ പാർക്ക് ഓപ്പൺ സ്റ്റേജിൽ വൈകിട്ട് 5.30ന് കേരള സംഗീത നാടക അക്കാഡമി ചെയർമാൻ സേവ്യർ പുൽപ്പാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും. പത്മശ്രീ ശിവൻ നമ്പൂതിരി, കലാമണ്ഡലം പ്രഭാകരൻ എന്നിവർ മുഖ്യാതിഥികളാകും. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, വൈസ് ചെയർമാൻ കെ.കെ.പ്രദീപ് കുമാർ,​ സംഗീത നാടക അക്കാഡമി സെക്രട്ടറി കെ.ജനാർദ്ദനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ.പീതാംബരൻ എന്നിവർ പങ്കെടുക്കും.

അഞ്ചു ദിവസം തുടർച്ചയായി വൈകുന്നേരങ്ങളിൽ ഓരോ സംഘങ്ങൾ അവതരിപ്പിക്കുന്ന ചാക്യാർകൂത്തും ഓട്ടൻതുള്ളലും എന്ന രീതിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.