വൈപ്പിൻ: രണ്ടുവർഷംമുമ്പത്തെ മുൻഭരണസമിതിയുടെ കാലത്ത് നിർമ്മാണം ആരംഭിച്ച നായരമ്പലം ഗ്രാമപഞ്ചായത്ത് പൊതുശ്മശാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കാത്തതിനുപിന്നിൽ സാമ്പത്തിക തിരിമറിയുണ്ടെന്നും ഇതേക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും സി.പി.എം ലോക്കൽ സെക്രട്ടറി കെ.കെ. ബാബു ആവശ്യപ്പെട്ടു.
ഗ്യാസ് ഫർണസടക്കം ഒരു കോടിരൂപയുടെ പദ്ധതിയാണ് ശ്മശാനം നിർമ്മാണം, നിർമ്മാണം പൂർത്തിയാക്കി ജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂണിൽ സി.പി.എം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തിയിരുന്നു. ഇതേത്തുടർന്ന് നിർമ്മാണം പൂർത്തിയായെന്നും ജൂലായിൽ ശ്മശാനം തുറക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നതാണെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു.
ജില്ലാപഞ്ചായത്തിൽനിന്ന് നിർമ്മാണത്തിന്റെ കോൺട്രാർക്ക് 40 ലക്ഷംരൂപയുടെ പാർട്ടുബിൽ പാസാക്കിക്കിട്ടാൻ കാലതാമസമുണ്ടായെന്നും അതിനാലാണ് തുടർ നിർമ്മാണം വൈകിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് വ്യക്തമാക്കി. നിർമ്മാണം പുനരാരംഭിച്ചിട്ടുണ്ട്. ഫർണസിന്റെ നിർമ്മാണത്തിന് 2വർഷം മുമ്പത്തെ ഭരണാനുമതി 22 ലക്ഷത്തിനായിരുന്നെന്നും ഇപ്പോൾ ഈ തുകയ്ക്ക് നിർമ്മാണം നടത്താൻ കോൺട്രാക്ടർ തയ്യാറാകാത്തതിനെത്തുടർന്ന് വീണ്ടും ടെൻഡർ പുതുക്കി 30 ലക്ഷമാക്കിയെന്നും അതിന്റെ പണി താമസിയാതെ തുടങ്ങുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
ഫർണസിന്റെ പണിപൂർത്തിയാക്കുന്നത് കാത്തുനിൽക്കാതെ വിറകടുപ്പ് ഉപയോഗിച്ചുള്ള ഭാഗം ഉടനെതുറക്കും. ശ്മശാനം നിർമ്മാണത്തിൽവന്ന കാലതാമസം മനഃപൂർവമല്ല.