വൈപ്പിൻ: ചെറായി തീരദേശറോഡ് പുനർനിർമ്മിച്ച് ടാറിംഗ് നടത്തിയതോടെ റോഡിന് ഉയരംകൂടിയത് തിരക്കേറിയ ചെറായി ബീച്ചിൽ പ്രശ്‌നങ്ങളുണ്ടാകുന്നു. പലയിടത്തും ഒരടിമുതൽ 3അടിവരെ റോഡും വശങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഇതിനാൽ വാഹനങ്ങൾ റോഡരികിലേക്ക് ഒതുക്കാൻ കഴിയുന്നില്ല. മാത്രമല്ല റിസോർട്ടുകൾ, ഹോംസ്റ്റേകൾ, വീടുകൾ എന്നിവടങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാനും കയറ്റാനും കഴിയാത്ത സ്ഥിതിയാണ്. ഇവിടെ ഞായറാഴ്ചകളിലും മറ്റ് ഒഴിവ് ദിവസങ്ങളിലും വാഹനങ്ങളുടെ വൻതിരക്കാണ്. ഈ ദിവസങ്ങളിൽ ബീച്ചിൽ ഗതാഗത സ്തംഭനവും പതിവാണ്.
സാധാരണയായി റോഡ് ടാറിംഗ് പൂർത്തീകരിച്ചതിനുശേഷമേ ഉയരവ്യത്യാസം പരിഹരിക്കാൻ വശങ്ങളിൽ ഗ്രാവൽ ഇടാറുള്ളു. എന്നാൽ തിരക്കേറിയ മറ്റിടങ്ങളിലെ റോഡ് ടാറിംഗ് പൂർത്തീകരിക്കാൻ കാത്തുനിന്നാൽ ചെറായി ബീച്ചിൽ വാഹനങ്ങളുമായി കടന്നുവരാൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ടാറിംഗ് കഴിഞ്ഞപ്രദേശങ്ങളിൽ ഉടനെ റോഡരികിൽ ഗ്രാവലിംഗ് നടത്തിയാലേ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുകയുള്ളൂ.