ചോറ്റാനിക്കര : കേരള സർക്കാരിന്റെ ജനകീയ കാമ്പയിനിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരുമിച്ച് എന്ന മുദ്രാവാക്യം ഉയർത്തി ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ബഹുജന റാലിയിൽ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് സ്‌കൂൾ വിദ്യാർത്ഥികളും ജനപ്രതിനിധികളും സാമൂഹ്യ- സാംസ്‌കാരിക പ്രവർത്തകരും അദ്ധ്യാപകരും തൊഴിലുറപ്പ് തൊഴിലാളികളും അങ്കണവാടി പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും അടക്കമുള്ളവർ അണിനിരന്നു. കാഞ്ഞിരമറ്റം മുസ്ലീം പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച റാലി കാഞ്ഞിരമറ്റം ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ വഹാബി ഫ്‌ളാഗ് ഓഫ് ചെയ്തു. മില്ലുങ്കൽ ജംഗ്ഷനിൽ റാലി സമാപിച്ചപ്പോൾ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജയശ്രീ പത്മാകരൻ,​ ആർ.ഹരി, കൃഷ്ണപ്രസാദ്, ഷാജഹാൻ, ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ, കാഞ്ഞിരമറ്റം സ്കൂൾ ഹെഡ്മിസ്ട്രസ് സിമി സാറാ മാത്യു, പഞ്ചായത്ത് അംഗങ്ങളായ എം.എം.ബഷീർ, ബിനു പുത്തേത്ത്മ്യാലിൽ, ജലജ മണിയപ്പൻ, ബീന മുകുന്ദൻ, എ.എൻ.ശശികുമാർ, ടി.പി. രമേശൻ, എ.പി.സുഭാഷ്, ഫാരിസ മുജീബ്, ജെസി ജോയ്, സുനിത സണ്ണി, ജയന്തി റാവുരാജ്, ഉമാദേവി, രാജൻ പാണാറ്റിൽ, അസീന ഷാമൽ എന്നിവർ പങ്കെടുത്തു.