
കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ തുലാഭാരം നടത്തി നൽകുന്ന കരാറുകാരനും ജീവനക്കാരും തട്ടിൽപ്പണവും ദക്ഷിണയും വാങ്ങുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. തട്ടിൽപ്പണം എന്ന പേരിൽ കരാറുകാരൻ ഭക്തരിൽ നിന്നു പണം വാങ്ങുന്നെന്ന മാദ്ധ്യമ വാർത്തകളെത്തുടർന്ന് സ്വമേധയാ പരിഗണിച്ച കേസ് തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്ത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ദക്ഷിണയെന്ന പേരിൽ കരാറുകാരനോ ദേവസ്വം ജീവനക്കാരനോ കാശു വാങ്ങുന്നില്ലെന്ന് ദേവസ്വം മാനേജിംഗ് കമ്മിറ്റിയും ജീവനക്കാരും ഉറപ്പു വരുത്തണം. ഭക്തർ പണം നൽകുന്നതു വിലക്കി മലയാളം, ഇംഗ്ളീഷ്, ഹിന്ദി. തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ ബോർഡുകൾ സ്ഥാപിക്കണം. തുലാഭാരത്തിനുള്ള സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും ഇതിനായി ഭക്തരെ ചൂഷണം ചെയ്യുന്നില്ലെന്നും ഉറപ്പാക്കണം. ഇക്കാര്യം ഉറപ്പുവരുത്താനായി ക്ഷേത്രത്തിലെ സി.സി.ടി.വി കാമറകൾ കൃത്യമായ ഇടവേളകളിൽ പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു.