പെരുമ്പാവൂർ: മലയാള ബ്രാഹ്മണസമാജം ജില്ലാ സമ്മേളനവും കുടുംബസംഗമവും ഇന്ന് രാവിലെ 9 ന് അപ്പൂസ് ഓഡിറ്റോറിയത്തിൽ കേളിയോടെ ആരംഭിക്കും. സംഗീത സംവിധായകൻ രാകേഷ് കേശവൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് തിരുവാതിരയും വിവിധ ശാഖകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പൊതുസമ്മേളനം മുൻസിപ്പൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. വനിതാവേദി ഉദ്ഘാടനം കേന്ദ്ര വൈസ് പ്രസിഡന്റ് കെ.എൻ. ശാന്തകുമാരി നിർവഹിക്കും. ജില്ലാ പ്രസിഡന്റ് അനിൽ പുതുമന അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര പ്രസിഡന്റ് പ്രൊഫ. ബാലചന്ദ്ര ശർമ്മ മുഖ്യപ്രഭാഷണം നടത്തും. മികച്ച സംസ്‌കൃത പ്രചാരകനുള്ള ആഗമാനന്ദ പുരസ്‌കാരജേതാവ് പ്രൊഫ. പി.വി. വിശ്വനാഥൻ നമ്പൂതിരിയെ കേന്ദ്ര ജോയിന്റ് സെക്രട്ടറി മോഹൻകുമാർ പുതുമനയും കേന്ദ്ര വൈസ് പ്രസിഡന്റ് വി.എൻ.ടി നമ്പൂതിരിയും ചേർന്ന് ആദരിക്കും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരേയും കേന്ദ്ര നേതാക്കളെയും ആദരിക്കും. സമഗ്ര വികസന സമിതി കൺവീനർ ടി.വി. നാരായണ ശർമ്മ വിശദീകരിക്കും.

ഇല്ലങ്ങളും തേവാരമൂർത്തികളും എന്ന വിഷയത്തിൽ പ്രവീൺ നമ്പൂതിരി പാലക്കോൾ ഇല്ലം പ്രഭാഷണവും പ്രകാശനവും നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ജനറൽ കൺവീനർ കെ.എൻ. പരമേശ്വരൻ ഇളയത്, ജില്ലാ സെക്രട്ടറി ശ്രീരാജ് ശർമ്മ, ജില്ലാ പ്രസിഡന്റ് അനിൽ പുതുമന, ശാഖാ സെക്രട്ടറി സി.എൻ. വാസുദേവൻ എന്നിവർ അറിയിച്ചു.