1

പള്ളുരുത്തി: കുമ്പളങ്ങി ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി കുടിവെള്ളം കിട്ടാക്കനി. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം വെള്ളം കിട്ടാതെ വലയുകയാണ് ജനം. പൊട്ടിപ്പൊളിഞ്ഞ പൈപ്പുകൾ നന്നാക്കുന്നുമില്ല.

കഴിഞ്ഞ അഞ്ച് ദിവസം തുടർച്ചയായി വെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബുവിന്റെ നേതൃത്വത്തിൽ കരുവേലിപ്പടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറുടെ ചേംബറിൽ സമരം നടത്തി. വൈസ് പ്രസിഡന്റ് പി.എ.സഗീർ, ബേസിൽ പുത്തൻവീട്ടിൽ, ജാസ്മിൻ രാജേഷ്, ആന്റണി പെരുംമ്പള്ളി, റീത്ത പീറ്റർ, പ്രവീൺ എന്നിവർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. അടുത്ത ദിവസം തന്നെ പഞ്ചായത്തിൽ കുടിവെള്ളം എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികാരികൾ ഉറപ്പുനൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.