കോലഞ്ചേരി: തിരക്കോടുതിരക്ക്, കൂടെ കുരുക്കും. കോലഞ്ചേരി ടൗണിൽ അപകടങ്ങൾ പതിവാകുന്നു. രാവിലേയും വൈകിട്ടും ഗതാഗതക്കുരുക്ക് ഇരട്ടിയാണ്. വഴിമുറിച്ച് കടന്ന യുവതിക്ക് കഴിഞ്ഞദിവസം വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റു. യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അതേ ദിശയിൽ വലതുവശം ഓവർടേക്ക് ചെയ്ത് കയറിവന്ന ബൈക്കിടിക്കുകയായിരുന്നു.
മാസങ്ങൾക്ക് മുമ്പ് ഗതാഗത പരിഷ്‌കാരങ്ങൾ ടൗണിൽ കൊണ്ടുവന്നെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുവാനും മറ്റും റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നവർ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയാണ്. പ്രായമേറിയ പലരും രണ്ടും കല്പിച്ച് റോഡുമുറിച്ച് കടക്കുന്നതും കാണാം. സന്ധ്യയായാൽ ന്യൂജെൻ ബൈക്കുകളുടെ മരണപ്പാച്ചിലുമുണ്ട്. ഇവരെ നിയന്ത്രിക്കാനോ കണ്ടെത്തി ശിക്ഷ നൽകുവാനോ അധികാരികൾ മെനക്കെടാറുമില്ല.
* അപകടം വരുത്തുന്ന നിയമലംഘനങ്ങൾ
നടപ്പാതകൾ കൈയേറി ചില വ്യാപാരസ്ഥാപനങ്ങൾ വഴിയിലേക്ക് സാധനങ്ങൾ ഇറക്കിവയ്ക്കുന്നതും, അനധികൃതമായി നടത്തുന്ന വഴിയോരക്കച്ചവടങ്ങളും ടൗണിലെത്തുന്നവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കാൽനടക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിന് വരച്ചിരിക്കുന്ന സീബ്രാലൈനുകൾ മാഞ്ഞതും അപകടങ്ങൾക്ക് കാരണമാണ്. ദേശീയപാതയിൽ കോളേജ് ഗേറ്റിനു മുന്നിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് മുന്നിലുമാണ് സീബ്രാലൈനുള്ളത്. നിലവിൽ ഇതുവഴി റോഡ് മുറിച്ചുകടക്കാൻ സർക്കസ് പഠിക്കേണ്ട സ്ഥിതിയാണ്. റോഡു മുറിച്ച് കടക്കുന്ന യാത്രക്കാരെ ശ്രദ്ധിക്കാതെ അമിതവേഗതയിലാണ് വാഹനങ്ങൾ ചീറിയടുക്കുന്നത്. ഇടിക്കാതിരിക്കാൻ ഇരുവശത്തേയ്ക്കും ഓടിമാറേണ്ട അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോ റിക്ഷകളും കാൽനടക്കാർക്ക് ഒരു പരിഗണനയും കൊടുക്കാറില്ല.
* നോക്കുകുത്തിയായി പൊലീസ്
യാത്രക്കാർ സീബ്ര ലൈനിലുണ്ടെങ്കിൽ ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ നിർത്തണം. യാത്രക്കാർ റോഡ് മുറിച്ച് കടന്നതിനുശേഷമേ വാഹനം കടന്നു പോകാവൂ എന്നാണ് നിയമം. എന്നാൽ ഇത് പാലിക്കപ്പെടാറില്ല. പൊലീസ് ഡ്യൂട്ടിയിലുണ്ടെങ്കിലും അവർ യാത്രക്കാർക്ക് സഹായകരമായ ഒരു നിലപാടും സ്വീകരിക്കാറില്ലെന്നും പരാതിയുണ്ട്.