മൂവാറ്റുപുഴ: വാഹനാപകടത്തിൽപ്പെട്ട നിർദ്ധനകുടുംബത്തിന് സഹായഹസ്തവുമായി കാലാമ്പൂർ വിജയ ലൈബ്രറി രംഗത്ത്. കാലമ്പൂർ സിദ്ധപ്പടിയിൽ ബാർബർ ഷോപ്പ് നടത്തി വരുന്നതും പ്രദേശവാസിയുമായ സുനിലും മകൾ മേഖയും അവിടെവച്ച് വാഹനാപകടത്തിൽപ്പെട്ടു. മേഖ മരിച്ചു. ഗുരുതര പരിക്കേറ്റ സുനിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. നിർദ്ധന കുടുംബംഗമായ സുനിലിന് കൈത്താങ്ങായി ലൈബ്രറിഭാരവാഹികളും അംഗങ്ങളും രംഗത്തുവരികയായിരുന്നു. ചികിത്സാസഹായനിധി രൂപീകരിക്കുകയും രംഗത്തിറങ്ങുകയും ചെയ്തതോടെ നാടൊന്നാകെ സഹായവുമായി ഗ്രന്ഥശാലയിലേക്കെത്തി. ലൈബ്രറിയുടെ നേതൃതൃത്വത്തിലുള്ള സി.എച്ച് ചാരിറ്റിയും ചൈതന്യയും മറ്റ് സംഘടനകളും ലൈബ്രറിയോടൊപ്പം കൈകോർക്കുകയും ചെയ്തു. ഇതോടെ ദിവസങ്ങൾക്കകം 6.70 ലക്ഷം രൂപ സമാഹരിക്കുവാൻ ലൈബ്രറിക്ക് കഴിഞ്ഞു.
ലൈബ്രറി പ്രസിഡന്റ് എം.എം. സലിം, സെക്രട്ടറി എം.വി. ബിജു, വൈസ് പ്രസിഡന്റ് ഇ.എസ്. അഷ്‌റഫ് , ചൈതന്യ സെക്രട്ടറി സാവിയോ, സി. എച്ച് ചാരിറ്റി രക്ഷാധികാരി സൈതുകുഞ്ഞ്, ഗൾമാർ സവാദ്, ലൈബ്രറി പ്രവർത്തകരായ ഹരിപ്രസാദ്, ദാവൂദ് തുടങ്ങിയവർ രാജഗിരി ആശുപത്രിയിലെത്തി തുക സുനിലിന് കൈമാറി. മരണമടഞ്ഞ മേഖയുൾപ്പെടെ രണ്ട് പെൺകുട്ടികളും ഭാര്യയുമടങ്ങുന്നതാണ് സുനിലിന്റെ കുടുംബം. അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന ഇവർക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചു നൽകുമെന്ന് ലൈബ്രറി പ്രസിഡന്റ് എം.എം. സലീമും സെക്രട്ടറി എം.വി. ബിജുവും പറഞ്ഞു.