
മൂവാറ്റുപുഴ: കുട്ടിത്തട്ടുക്കട സന്ദർശിക്കുവാൻ മന്ത്രി എത്തിയത് കുട്ടികൾക്ക് നവ്യാനുഭവമായി. സെന്റ് അഗസ്റ്റിൻസ് ഹയർസെക്കൻഡറി ഗേൾസ് സ്‌കൂളിലെ വിദ്യാർത്ഥിനികൾ മൂവാറ്റുപുഴ നഗരത്തിൽ രാത്രിയൊരുക്കിയ കുട്ടിത്തട്ടുകടയിലാണ് മന്ത്രി റോഷി അഗസ്റ്റിൻ എത്തിയത്. കുട്ടികൾക്കൊപ്പം തട്ടുദോശ ചുട്ടുകൊടുക്കുവാൻ സഹായിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.
സഹപാഠിയുടെ കുടുംബത്തിന് സാന്ത്വനമേകുന്നതിനാണ് വിദ്യാർത്ഥിനികൾ ട്രാൻ. ബസ് ഡിപ്പോയ്ക്കു സമീപം വൈകിട്ട് 5.30 മുതൽ രാത്രി 10.30 വരെ ഭക്ഷ്യമേളയൊരുക്കി തുക സമാഹരിച്ചത്.
എൻ.എസ്.എസ് വിദ്യാർത്ഥിനികളുടെ നേതൃത്വത്തിൽ 'ഗേൾസ് നൈറ്റ് ഔട്ട്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായിരുന്നു ഭക്ഷ്യമേള. വിദ്യാർത്ഥിനികൾ നേരിട്ട് നടത്തുന്ന സ്റ്റാളുകൾക്കു പുറമേ വിവിധ സ്ഥാപനങ്ങളുടെ അഞ്ചോളം സ്റ്റാളുകളുമുണ്ടായിരുന്നു. എല്ലാ സ്റ്റാളുകളുടേയും നിയന്ത്രണം ഇവർക്കായിരുന്നു. ഇതോടൊപ്പമുള്ള തത്സമയ പാചകവും ശ്രദ്ധയാകർഷിച്ചു. ഭക്ഷ്യമേളയിലെ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനും കാരുണ്യ പ്രവർത്തനത്തിൽ പങ്കുചേരാനും എത്തുന്നവർക്കുമായി ലൈവ് മ്യൂസിക്ക് പ്രോഗ്രാമും ഇതോടനുബന്ധിച്ചുണ്ടായിരുന്നു.