cm

കൊച്ചി: രൂപകൽപ്പനയിലെ പുതിയ പ്രവണതകൾ സ്വീകരിച്ചായിരിക്കണം ഭാവിയുടെ നഗരവികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരവികസന രംഗത്തെ മികച്ച മാതൃകകളും സംവിധാനങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്യുന്നതിന് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) സംഘടിപ്പിക്കുന്ന 'ബോധി -2022' ദേശീയ നഗര വികസന അർബൻ കോൺക്ലേവ് ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്. ആധുനി​കമായ പുതി​യ പദ്ധതി​കൾ ആസൂത്രണത്തി​ലാണെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയും ഓൺ​ലൈനായി​ ചടങ്ങി​ൽ സംസാരി​ച്ചു.

ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ സ്ഥാപക ചെയർമാൻ മുൻ കേന്ദ്രമന്ത്രി കൂടിയായ എസ്.കൃഷ്ണകുമാറിനെ മന്ത്രി എം.ബി.രാജേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.

ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മേയർമാരായ അഡ്വ.എം.അനിൽകുമാർ (കൊച്ചി), ഡോ.ബീന ഫിലിപ്പ് (കോഴിക്കോട്), എം.കെ.വർഗീസ് (തൃശൂർ), തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, തുടങ്ങിയവർ പങ്കെടുത്തു. രണ്ടുദിവസത്തെ കോൺക്ലേവ് ഇന്ന് സമാപിക്കും.