 
കാലടി: അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂരിൽ വിനോദ സഞ്ചാരികൾക്കായി ജലയാനങ്ങളും കയാക്കിംഗ് അഭിരുചിയുള്ളവർക്കായ് പ്രത്യേക പരിശീലന സൗകര്യങ്ങളും ഒരുക്കി മണപ്പാട്ടുചിറ കാത്തിരിക്കുന്നു.
മലയാറ്റൂർ കുരിശുമുടിയുടെ അടിവാരത്ത് 110 ഏക്കർ വിസ്തൃതമായ ജലാശയമാണിത്. മുൻമന്ത്രി ജോസ് തെറ്റയിൽ മുൻകൈയെടുത്ത് ഇടമലയാർ കനാലിൽനിന്ന് വെള്ളം തിരിച്ചുവിട്ടാണ് തടാകത്തിൽ വേണ്ടത്ര ജലശേഖരം വേനൽക്കാലങ്ങളിൽ ഉറപ്പാക്കിയത്. മലയാറ്റൂർ - നീലീശ്വരം പഞ്ചായത്തിന്റെ അധീനതയിലാണ് ചിറ. റോജി എം.ജോൺ എം.എൽ.എയും ഗ്ലോബൽ മലയാളി അസോസിയേഷനും വ്യവസായ പ്രമുഖരും ചേർന്ന് ചിറനവീകരിച്ച് സഞ്ചാരികൾക്കായി അടിസ്ഥാനസൗകര്യമൊരുക്കുന്നതിന് ശ്രമിച്ചുവരുന്നു.
* പുതുവർഷരാവും നക്ഷത്രത്തടാകവും
ഡിസംബർ അവസാന ആഴ്ചകളിൽ തടാകത്തെ നക്ഷത്രവിളക്കുകളാൽ
അലംകൃതമാക്കി ആഘോഷത്തിന് മാറ്റുകൂട്ടും. വിവിധ സ്ഥലങ്ങളിൽനിന്ന്
ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ആഘോഷത്തിനായി ഏവരും കാത്തിരിക്കുകയാണ്.
മണപ്പാട്ടുചിറ കേന്ദ്രീകരിച്ച് ഗ്ലോബൽ മലയാളി കൗൺസിൽ നടപ്പാക്കുന്ന വികസനത്തെ സ്വാഗതം ചെയ്യുന്നതായി പ്രമുഖ വ്യവസായി ഡോ. വർഗീസ് മൂലൻ പറഞ്ഞു.
ഗോബ്ലൽ മലയാളികളും വ്യവസായികളും ചേർന്ന് തുടങ്ങുന്ന ബോട്ടിംഗും കയാക്കിംഗ് പരിശീലനവും വിനോദസഞ്ചാരത്തിനു കുതിച്ചു ചാട്ടമുണ്ടാക്കുമെന്ന് നക്ഷത്രത്തടാക പദ്ധതി കോഓഡിനേറ്റർ മലയാറ്റൂർ വിത്സൻ പറഞ്ഞു.
*പരാതി നിറഞ്ഞ ഗ്ലോബൽഗ്രാമം
നിലവിൽ സന്ധ്യമയങ്ങിയാൽ പരിസരമാകെ വൈദ്യുത വിളക്കുകൾ കൃത്യമായി തെളിക്കുന്നില്ല. ഇരുട്ടിന്റെ മറവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നത് അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
*വൈകിട്ട് ഗതാഗതക്കുരുക്ക്
ചെറുവാഹനങ്ങൾ, ബൈക്ക്, സ്വകാര്യ വാഹനങ്ങൾ തുടങ്ങിയവ എത്തുന്നതോടെ റോഡിൽ കുരുക്കാണ്. ഇവിടെ നിർമ്മിച്ചിട്ടുള്ള പൊലീസ് ഔട്ട് പോസ്റ്റ് കെട്ടിടം നോക്കുകുത്തിയായി നിൽക്കുകയാണ്.