p

കൊച്ചി: വടക്കഞ്ചേരി ദുരന്തത്തിന്റെ നടുക്കം മാറാത്ത മുളന്തുരുത്തിയിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാതെ നാട്ടുകാ‌ർ. കളിയും ചിരിയും കൈവിട്ടുപോയ നാട്ടിൽ സങ്കടങ്ങൾ പങ്കുവച്ചും ആശ്വസിപ്പിച്ചും സമാധാനം കണ്ടെത്താൻ ശ്രമിക്കുകയാണ് ഓരോ കുടുംബവും. അഞ്ചു കുട്ടികളും അദ്ധ്യാപകനും നഷ്ടപ്പെട്ട ബസേലിയോസ് വിദ്യാനികേതൻ ഇപ്പോഴും മൂകമാണ്. കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമെല്ലാം കടുത്ത മാനസികാഘാതം നേരിടുന്ന സാഹചര്യത്തിൽ ആത്മവിശ്വാസം വീണ്ടെടുക്കുന്നതിനൊപ്പം ഇനിയൊരു ദുരന്തം ഉണ്ടാകാതിരിക്കാനുള്ള കർമ്മപരിപാടികൾക്കും തുടക്കമാവുകയാണ്. സ്കൂളിൽ ഇന്ന് പി.ടി.എ എക്സിക്യുട്ടീവ് യോഗം ചേർന്ന് ഭാവിപരിപാടികൾക്ക് രൂപംനൽകും. വിദഗ്ദ്ധരുൾപ്പെടുന്ന ടീമിന് രൂപംനൽകി കൗൺസലിംഗിനും ബോധവത്കരണത്തിനും തുടക്കം കുറിക്കുമെന്ന് പ്രധാനാദ്ധ്യാപിക അറിയിച്ചു. വിദ്യാർത്ഥികൾക്ക് പുറമേ അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം. 580 വിദ്യാർത്ഥികളും 37 അദ്ധ്യാപകരുമാണുള്ളത്. അപകടത്തിൽ പരിക്കേറ്റവ‌രുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.