കൊച്ചി: പത്ത് രൂപയ്ക്ക് ഊണ് നൽകുന്ന നഗരസഭയുടെ ജനകീയ ഹോട്ടൽ സമൃദ്ധി @ കൊച്ചിയുടെ ഒന്നാം വാർഷികാഘോഷം നഗരത്തിന് ഉത്സവമായി. ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ വനിതകളും കുടുംബാംഗങ്ങളും ഇവിടത്തെ സന്നദ്ധസേവകരായ തേവര എസ്.എച്ച് കോളേജിലെ വിദ്യാർത്ഥികളും ആട്ടവും പാട്ടും ആഘോഷവുമായി ദിനം മുഴുവൻ സന്തോഷ ലഹരിയിലായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 7 നാണ് വിശപ്പുരഹിത കൊച്ചി എന്ന നഗരസഭയുടെ ആശയത്തിന് സമൃദ്ധിയിലൂടെ തുടക്കം കുറിച്ചത്. ഇതുവരെ 8,78,555 പേർക്ക് 10 രൂപ ഊണ് നൽകി. പതിമൂന്ന് പേരുമായി തുടങ്ങിയ ജനകീയ ഹോട്ടലിൽ നിലവിൽ 48 വനിതാ ജീവനക്കാരുണ്ട്. ദിവസേന 3200 പേർക്ക് ഉച്ചഭക്ഷണം നൽകുന്ന സമൃദ്ധിയിൽ കുടുംബശ്രീയുടെ പ്രധാന ഏജൻസിയായ ഐഫ്രം ആണ് പരിശീലനം നൽകിവരുന്നത്.
മത്സ്യവും മാംസവുമുൾപ്പെടെയുള്ള സ്‌പെഷ്യൽ വിഭവങ്ങളും പ്രാതലും അത്താഴവും ലഭ്യമാണ്. സ്‌പെഷ്യൽ വിഭവങ്ങൾ 20 രൂപ മുതൽ ലഭിക്കും. സ്‌പെഷ്യൽ പൊതിച്ചോറുകളും കാറ്ററിംഗ് സേവനങ്ങളും ആരംഭിച്ചിട്ടുണ്ട്.
വാർഷികാഘോഷ ചടങ്ങ് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാൻ മധു എസ്. നായർ ഉദ്ഘാടനം ചെയ്തു. മേയർ അഡ്വ. എം. അനിൽകുമാർ അദ്ധ്യക്ഷനായി. ജീവനക്കാരെയും പരിശീലകരെയും ചടങ്ങിൽ ആദരിച്ചു. പദ്ധതിക്ക് നേതൃത്വം നൽകുന്ന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാലാൽ, ജീവനക്കാരി ജീന വിജേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ആർ.റെനീഷ്, സുനിത ഡിക്‌സൺ, വി.എ. ശ്രീജിത്ത്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ബി.പ്രീതി, കോർപ്പറേഷൻ സെക്രട്ടറി വി.പി. ഷിബു, സിറ്റി പ്രോജക്ട് ഓഫീസർ വി.ആർ. ചിത്ര തുടങ്ങിയവർ സംസാരിച്ചു.