z
എം വി ഗോവിന്ദൻ മാസ്റ്റർ ക്രിസ്ന്റെ വീട്ടിൽ എത്തിയപ്പോൾ

ചോറ്റാനിക്കര: വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച വെട്ടിക്കൽ മാർ ബസേലിയോസ്‌ വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെയും അദ്ധ്യാപകന്റെയും വീടുകൾ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സന്ദർശിച്ചു.

ഉദയംപേരൂർ വലിയകുളത്തെ അഞ്ജന നിവാസിലാണ്‌ ആദ്യമെത്തിയത്‌. അപകടത്തിൽ മരിച്ച അഞ്ജനയുടെ പിതാവ് അജിത്തിനെയും യാത്രയിൽ അഞ്ജനയോടൊപ്പമുണ്ടായിരുന്ന മാതാവും അദ്ധ്യാപികയുമായ ആശയെയും എം.വി. ഗോവിന്ദൻ ആശ്വസിപ്പിച്ചു. ബസ് ഡ്രൈവർക്കും ഉത്തരവാദികളായ മറ്റുള്ളവർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ അജിത്ത്‌ നിവേദനം നൽകി. സംഭവത്തിൽ നിയമനടപടികൾ ആരംഭിച്ച കാര്യം എം.വി. ഗോവിന്ദൻ അജിത്തിനെ അറിയിച്ചു.

എൽന ജോസിന്റെ വീട്ടിലെത്തുമ്പോൾ, പത്താംക്ലാസുവരെയുള്ള പഠനകാലത്ത്‌ അവൾ വാരിക്കൂട്ടിയ സമ്മാനങ്ങൾ അലമാരയിൽ അടുക്കിവച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി അമ്മ ഷൈനുവും പിതാവ് ജോസ്‌ ജോസഫും വാവിട്ട് നിലവിളിക്കുകയായിരുന്നു.

കായികാദ്ധ്യാപകൻ വിഷ്‌ണുവിന്റെ വീട്ടിൽ മാതാവ് ശാന്തയുടെ വിലാപം കണ്ടുനിന്നവരെയും കരയിച്ചു. പ്രിയതമന്റെ വിയോഗത്തോട്‌ പൊരുത്തപ്പെടാനാകാതെ ഭാര്യ ശീതൾ, മകൾ നൈനികയെ ചേർത്തുപിടിച്ചുനിന്ന് വിതുമ്പി.

പൈങ്ങാരപ്പിള്ളിയിൽ ദിയ രാജേഷിന്റെ വീട്ടിലും അടക്കാനാവാത്ത തേങ്ങലുകളാണ് എം.വി.ഗോവിന്ദനെ വരവേറ്റത്. പ്ലസ്‌ടു വിദ്യാർത്ഥിയായിരുന്ന ഏകമകൾ ദിയ വാങ്ങിക്കൂട്ടിയ സമ്മാനങ്ങൾക്ക്‌ നടുവിൽ വേദനിച്ച്‌ തളർന്നു കിടക്കുകയായിരുന്നു മാതാവ് സിജി. അച്ഛൻ രാജേഷിനെയും ബന്ധുക്കളെയും എം.വി. ഗോവിന്ദൻ അനുശോചനം അറിയിച്ചു. സി.എസ്‌. ഇമ്മാനുവലിന്റെ വീട്ടിലും കണ്ണീർ പ്രവാഹമായിരുന്നു. കാത്തിരുന്നുണ്ടായ ഏകമകന്റെ വിയോഗത്തിൽ നീറിയുരുകുന്ന ക്രിസ് വിന്റർബോണിന്റെ മാതാപിതാക്കളായ മേരിയെയും തോമസിനെയും എം.വി. ഗോവിന്ദൻ ആശ്വസിപ്പിച്ചു.

സ്‌കൂളിനോടുചേർന്നുള്ള വെട്ടിക്കൽ ദയറയിൽ എത്തിയ ഗോവിന്ദനെ ബിഷപ്പ്‌ ഗീവർഗീസ്‌ പീലക്‌സിനോസും സ്‌കൂൾ മാനേജർ ഫാ.കുര്യാക്കോസ്‌ ജോർജും ചേർന്ന്‌ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എസ്‌.സതീഷ്‌, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.സി.സുരേന്ദ്രൻ, സി.ബി.ദേവദർശനൻ, ടി.സി.ഷിബു, ഏരിയാ സെക്രട്ടറിമാരായ പി.വാസുദേവൻ, സി.കെ.വർഗീസ്‌, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സി.ആർ. പ്രകാശ്‌, സജിത മുരളി, എം.ആർ. രാജേഷ്‌ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.