മൂവാറ്റുപുഴ: വ്യാജരേഖകൾ ഉണ്ടാക്കി സ്ഥലംവില്പന നടത്തിയ സംഭവത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. വാളകം കുന്നയ്ക്കാൽ പള്ളത്തുപുത്തൻപുരയിൽ പി.എ. രാജു, സഹോദരങ്ങളായ ഏലിയാസ്, വർഗീസ്, തങ്കമ്മ എന്നിവർക്കെതിരെയാണ് നടപടി. ചളക്കാട്ടുകുടി സി.എ. മനോജിന്റെ പരാതിയിലാണ് നടപടി.

മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. രണ്ടുവർഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. തനിക്ക് രജിസ്റ്റർചെയ്ത് നൽകിയ സ്ഥലം പ്രതികളുടെ പിതാവിന്റെ പേരിലുള്ളതാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും പിതാവ് മരണമടഞ്ഞതിനാൽ പ്രതികൾ മാത്രമാണ് അവകാശികൾ എന്ന് ബോദ്ധ്യപ്പെടുത്തി വ്യാജമായ രേഖകൾ നിർമ്മിച്ച് സ്ഥലം കൈമാറുകയും 25 ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തുവെന്നാണ് പരാതി. എന്നാൽ പിതാവിന്റെ പേരിലുള്ള സ്ഥലം നേരത്തേതന്നെ പ്രതികളുടെ പേരിലേക്ക് ആധാരംചെയ്തു വാങ്ങുകയും ഈ ആധാരം ഈടുവച്ച് ഇവർ വിവിധ ബാങ്കുകളിൽനിന്ന് വായ്പയെടുക്കുകയും ചെയ്തിരുന്നുവെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു.