തോപ്പുംപടി:സ്വകാര്യ ബസുകളുടെ മത്സരയോട്ടവും ജീവനക്കാരുടെ ലഹരി ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പടിഞ്ഞാറൻ കൊച്ചിയിൽ പൊലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന തുടങ്ങി. മട്ടാഞ്ചേരി സബ് ഡിവിഷനിൽ വിവിധ കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്.
ഫോർട്ടുകൊച്ചി എസ്.ഐ സന്തോഷ് മോന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒരാൾക്കെതിരെയും അമിത വേഗത്തിന് ഒരാൾക്കെതിരേയും കേസെടുത്തു. നാല് പേർക്കെതിരെ പിഴ ചുമത്തി. മുപ്പത് സ്വകാര്യ ബസുകളാണ് ഫോർട്ടുകൊച്ചിയിൽ പരിശോധിച്ചത്. മട്ടാഞ്ചേരി ഇൻസ്പെക്ടർ തൃതീപ് ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ചതിന് ഒരാൾക്കെതിരെ കേസടുക്കുകയും മൂന്ന് പേർക്കെതിരെ പിഴ ചുമത്തുകയും ചെയ്തു.16 ബസുകളാണ് പരിശോധിച്ചത്.തോപ്പുംപടിയിൽ ഏഴ് പേർക്കെതിരെ പിഴ ചുമത്തി. പള്ളുരുത്തിയിലും പരിശോധന നടന്നു.