nadak-dist-conf-paravur
നാടക് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സംസ്കാരിക സമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: നാടകമേഖലയുടെ വളർച്ചയും പരിപോഷണവും ലക്ഷ്യമാക്കി നാടകത്തിന് മാത്രമായി പ്രത്യേക അക്കാഡമി സ്ഥാപിക്കണമെന്ന് നാടക് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാംസ്കാരികമിഷന്റെ പ്രവർത്തനം വാർഡ് തലത്തിൽ സജീവമാക്കുക, നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിലും ഭരണഘടനാ സ്ഥാപനങ്ങളിലും ഫാസിസ്റ്റുകളുടെ നുഴഞ്ഞുകയറ്റം തടയുക, പഞ്ചായത്തുതല കലാസമിതികൾ രൂപീകരിക്കുക എന്നിവയും രണ്ടു ദിവസമായി പറവൂരിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി. രഘുനാഥ്, ജനറൽ സെക്രട്ടറി ജെ ശൈലജ, വൈസ് പ്രസിഡന്റ് വി.പി. സജി തുളസിദാസ് എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് എ.പി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. എൻ.എം. പിയേഴ്സൺ അദ്ധ്യക്ഷത വഹിച്ചു.

കൊച്ചിൻ ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞിക്കൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, നാടക് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.ജെ. ജോസഫ്, അഡ്വ. ടി.പി. രമേഷ്, ഷേർലി സോമസുന്ദരം, സഹീർ അലി എന്നിവർ സംസാരിച്ചു. നാടക പ്രതിഭകളെ ആദരിച്ചു. ഫ്രാൻസിസ് നെറോണയുടെ ചെറുകഥയുടെ നാടകാവിഷ്ക്കാരം കക്കുകളി അരങ്ങേറി.

ഭാരവാഹികളായി മോഹൻ കൃഷ്ണൻ (പ്രസിഡന്റ്), ആഷാദേവി, സി.സി. മുഹമ്മദ് കുഞ്ഞ്, എ.എസ്. ദിലീഷ് (വൈസ് പ്രസിഡന്റുമാർ), ഷാബു കെ. മാധവൻ (സെക്രട്ടറി), വിനീത ചോലയാർ, രംഗനാഥൻ പറവൂർ, പി.കെ. രാജീവ് (ജോയിന്റ് സെക്രട്ടറിമാർ), ഫ്രാൻസിസ് ഇരവേലിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.