പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കണക്കൻകടവിൽ നിർമ്മിക്കുന്ന താത്കാലിക മണൽബണ്ട് നിർമ്മാണം നവംബർ പതിനഞ്ചിന് മുമ്പ് പൂർത്തിയാക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻവകുപ്പ് മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനിയർക്ക് നിർദേശം നൽകി.

കഴിഞ്ഞവർഷം ബണ്ട് നിർമ്മാണം താമസിച്ച് തുടങ്ങിയതിനാൽ ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെള്ളംകയറാൻ ഇടയായി. ടെൻഡർ നടപടികളുടെ കാലതാമസമാണ് നിർമ്മാണം വൈകിയത്. ഈവർഷം നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുന്നതിന് മെക്കാനിക്കൽ വിഭാഗത്തിന്റെ ഡ്രഡ്ജർ ഉപയോഗിച്ച് നേരത്തെ ബണ്ടിന്റെ നിർമ്മാണം ആരംഭിക്കാൻ മെക്കാനിക്കൽ വിഭാഗം ചീഫ് എൻജിനിയർക്കും സിവിൽവിഭാഗം എക്സിക്യുട്ടീവ് എൻജിനിയർക്ക് നിർദ്ദേശം നൽകിയതായും ഡ്രഡ്ജർ ആലപ്പുഴയിൽനിന്ന് കണക്കൻകടവിലേക്ക് അടുത്ത ആഴ്ച എത്തിക്കുന്നതിന് എല്ലാനടപടികളും സ്വീകരിച്ചതായും വി.ഡി. സതീശൻ അറിയിച്ചു.