
കൊച്ചി: കൊച്ചി പുറങ്കടലിൽ ഇറാനിയൻ ഉരുവിൽ നിന്ന് 200 കോടി രൂപയുടെ ഹെറോയിൻ പിടികൂടിയ കേസിൽ എൻ.ഐ.എയും അന്വേഷണം ആരംഭിച്ചു. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് എൻ.ഐ.എ വിവരങ്ങൾ ശേഖരിച്ചു.
ഹെറോയിൻ അയച്ചെന്ന് കരുതുന്ന പാകിസ്ഥാനിലെ ഹാജി സലിം എൻ.ഐ.എ അന്വേഷിക്കുന്ന മറ്റൊരു കേസിലും പ്രതിയാണ്. 2021 മാർച്ച് 18ന് ശ്രീലങ്കൻ ബോട്ടിൽനിന്ന് ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്ത കേസ് എൻ.ഐ.എ അന്വേഷിച്ചിരുന്നു. ലക്ഷദ്വീപിലെ മിനിക്കോയിക്ക് സമീപത്തുനിന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ മയക്കുമരുന്ന് പിടികൂടിയ കേസിൽ ആയുധങ്ങൾ സംബന്ധിച്ച അന്വേഷണമാണ് എൻ.ഐ.എ ഏറ്റെടുത്തത്. ആയുധങ്ങളും മയക്കുമരുന്നും കടത്തിയത് ഹാജി സലിമിന്റെ സംഘമാണെന്ന് തിരിച്ചറിഞ്ഞിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തലിനെക്കുറിച്ച് അന്വേഷിക്കാൻ എൻ.ഐ.എയ്ക്കും അധികാരം നൽകി കേന്ദ്രസർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരമാണ് ഇറാനിയൻ ഉരുവിലെ മയക്കുമരുന്ന് സംബന്ധിച്ചും എൻ.ഐ.എ അനൗപചാരിക അന്വേഷണം ആരംഭിച്ചത്. വിശദാംശങ്ങൾ ശേഖരിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന.
ഇറാനിയൻ ബോട്ടിൽ നിന്ന് പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതർ പറഞ്ഞു. കൂടുതൽ മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ സമുദ്രമേഖലയിൽ കോസ്റ്റ് ഗാർഡ് ഉൾപ്പെടെയുള്ള സേനകളുമായി ചേർന്ന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.