
കാലടി: കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസറെ കാലടിയിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുൻ ദേവികുളം ബി.ഡി.ഒ ഇടുക്കി ബേപ്പൽ ഇടയത്ത് വീട്ടിൽ ഷൈൻമോൻ ജോസഫാണ് (43) മരിച്ചത്. രണ്ട് ദിവസം മുമ്പാണ് കാലടിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയായിട്ടും മുറി തുറക്കാതെ വന്നപ്പോൾ ലോഡ്ജ് ഉടമ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോൾ അബോധാവസ്ഥയിലായിരുന്നു. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വിഷം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം അങ്കമാലി എൽ.എഫ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും.