baiju

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്‌ജിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയതിന് ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യക്കേസിൽ സംവിധായകൻ ബൈജു കൊട്ടാരക്കര ഇന്നലെ കോടതിയിൽ ഹാജരായി. വിശദീകരണം നൽകാൻ ബൈജുവിന് രണ്ടാഴ്‌ച സമയം നൽകി ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ഒക്ടോബർ 25ലേക്ക് മാറ്റി. അന്നും ബൈജു ഹാജരാകണം. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബൈജു അപേക്ഷ നൽകിയെങ്കിലും വിശദീകരണം പരിശോധിച്ചശേഷം പരിഗണിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിദേശയാത്രയ്ക്കും ചാനൽ ചർച്ചകളിൽ പങ്കെടുക്കാനും സമയമുണ്ടല്ലോ? പിന്നെന്തുകൊണ്ട് കോടതിയിൽ ഹാജരായിക്കൂടെന്ന് വാദത്തിനിടെ ഡിവിഷൻ ബെഞ്ച് ചോദിച്ചു.

മേയ് ഒമ്പതിനു ഒരു ചാനൽ ചർച്ചയിൽ വിചാരണക്കോടതി ജഡ്‌ജി ഹണി. എം. വർഗീസിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് ബൈജുവിനെതിരായ കോടതിയലക്ഷ്യ നടപടി. സെപ്തംബർ 30നു ഹാജരാകാൻ ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലും ബൈജു എത്തിയില്ല. തുടർന്നാണ് അവസാന അവസരമെന്ന നിലയ്ക്ക് ഇന്നലെ ഹാജരാകാൻ നിർദ്ദേശിച്ചത്.