
കൊച്ചി: മാനസിക സമ്മർദ്ദങ്ങളാണ് ലഹരിയിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും യുവതലമുറയെ എത്തിക്കുന്നതെന്ന് സംസ്ഥാന മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡ് അംഗം ഡോ. എൽസി ഉമ്മൻ പറഞ്ഞു. എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇ.പി.എസ്) സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനാചരണത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. കൗമാരക്കാരുടെ പ്രശ്‌നങ്ങൾ തിരിച്ചറിയുന്നതിൽ മുതിർന്നവർ പരാജയപ്പെടുന്നതും പ്രശ്‌നങ്ങളെ നേരിടാനുള്ള ജീവിതനിപുണത കുട്ടികൾക്ക് ഇല്ലാത്തതുമാണ് വിഷാദം, ലഹരി, ആത്മഹത്യ എന്നിവയിലേക്ക് എത്തിക്കുന്നതെന്നും ഡോ. എൽസി ഉമ്മൻ പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ഇ.പി.എസ്. പ്രസിഡന്റ് ഡോ. ജോസഫ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഐ.എം.എ. പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. സീതാലക്ഷമി ജോർജ്, ഡോ. ശാലിനി നായർ എന്നിവർ പ്രസംഗിച്ചു.