ksrtc-bus-terminal
നിർമ്മാണം നിലച്ച ആലുവയിലെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ

ആലുവ: മൂന്ന് വർഷം പിന്നിട്ടിട്ടും ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം പൂർത്തിയാക്കാത്തതിനെതിരെ പ്രതിഷേധം വ്യാപകം. ഉന്നതതല യോഗമെല്ലാം നടന്നെങ്കിലും ഒരു ഫലവുമുണ്ടായിട്ടില്ല.

2019 ജൂൺ എട്ടിനാണ് ആറ് കോടി രൂപ ചെലവിൽ പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിന് നിലവിലുണ്ടായിരുന്ന കെട്ടിടം പൊളിച്ചത്. ഇതോടെ പെരുവഴിയിലായ യാത്രക്കാർക്ക് ഇതുവരെ മോചനം ലഭിച്ചിട്ടില്ല. മഴയും വെയിലുമേറ്റ് ചെളിയിലും മറ്റുമാണ് യാത്രക്കാർ ബസ് കാത്തുനിന്നത്. കുറച്ചുകാലം സ്വകാര്യ ബസ് സ്റ്റാൻഡിൽ ബദൽ സൗകര്യമൊരുക്കിയെങ്കിലും കാലക്രമേണ നിലച്ചു. 2020 ജനുവരി 28ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ ശിലാസ്ഥാപനം നിർവഹിച്ച് കെട്ടിട നിർമ്മാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിശ്ചലമായി. ഇപ്പോഴും നിർമ്മാണം മുടങ്ങിക്കിടക്കുകയാണ്. പലവട്ടം രൂപരേഖ മാറ്റുകയും ചെയ്തു. കെ.എസ്.ആർ.ടി.സി നേരിട്ട് നിർമ്മാണ ചുമതല ഏറ്റെടുത്തെങ്കിലും ഫലമുണ്ടായില്ല. രൂപരേഖ മാറ്റി പി.ഡബ്ളിയു.ഡിയാണ് ഇപ്പോൾ നിർമ്മാണ ചുമതല വഹിക്കുന്നതെങ്കിലും പണി ഇഴയുകയാണ്.

അൻവർ സാദത്ത് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 5.89 അഞ്ച് കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പുനരാരംഭിച്ചത്. ഇപ്പോൾ മാലിന്യ സംസ്കരണത്തിനും സ്റ്റാൻഡിലെ പാർക്കിംഗ് ഏരിയാ നവീകരണത്തിനുമായി 2.5 കോടി കൂടി അനുവദിച്ചിട്ടുണ്ട്. എന്നിട്ടും പദ്ധതിക്ക് വേഗതയില്ലാത്തതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് കാരണം. ആലുവ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ബസ് സ്റ്റേഷൻ ദീർഘദൂര യാത്രക്കാർക്കെല്ലാം ഏറെ ഉപകാരപ്രദമാണ്. എന്നാൽ യാത്രക്കാരുടെ ദുരിതം തിരിച്ചറിഞ്ഞ കെ.എസ്.ആർ.ടി.സി അധികൃതർ കഴിഞ്ഞയാഴ്ച നിർമ്മാണത്തിലുള്ള കെട്ടിടത്തിൻെറ ഒരു ഭാഗം തുറന്നുനൽകിയിരുന്നു. പെരുമ്പാവൂർ മേഖലയിലേക്കുള്ള യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമേകിയിരുന്നു. എന്നാൽ അനൗൺസ്‌മെന്റ് സംവിധാനം ഇല്ലാത്തത് കുറവുകളിൽപ്പെടുന്നു.

റെസിഡന്റ്സ് അസോ. ധർണ ഇന്ന്

ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ആലുവയിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ സമരമാരംഭിക്കും. റെസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ എഡ്രാക്ക് ആലുവ താലൂക്ക് കമ്മിറ്റി ഇന്ന് ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം നടത്തും. ഡോ.ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യും.