
കൊച്ചി/പള്ളുരുത്തി: മീൻകറി കൂട്ടിയേ ചോറുണ്ണൂ എന്ന് നിർബന്ധമുള്ളവർ ഉൾപ്പെടെയുള്ള മത്സ്യപ്രിയർക്ക് ആശ്വാസംപകർന്നും മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിതംകഴിക്കുന്നവർക്ക് നിരാശ സമ്മാനിച്ചും സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം അയലയ്ക്കും മത്തിക്കും വിലയിടിഞ്ഞു.
രണ്ടുമാസം മുമ്പ് 300 രൂപയുണ്ടായിരുന്ന ചാളയ്ക്ക് (മത്തി) ഇപ്പോൾ വെറും 120രൂപ. വഞ്ചിക്കാരിൽ നിന്ന് മൊത്തവ്യാപാരികൾ വാങ്ങിയതാകട്ടെ വെറും എട്ടുരൂപയ്ക്കും.അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞവിലയാണിതെന്ന് കച്ചവടക്കാർ പറയുന്നു. മത്സ്യലഭ്യത കൂടിയതാണ് കാരണം. ട്രോളിംഗ് നിരോധനം, മഴക്കാലത്ത് കടലിൽ പോകാനുള്ള വിലക്ക് എന്നിവ മത്സ്യക്കൂട്ടങ്ങൾ പെരുകാനിടയാക്കി.
കൊഴിയുന്ന വില
(മുമ്പത്തെയും ഇപ്പോഴത്തെയും)
മത്തി - ₹240-₹300, ₹120
അയല - ₹250-₹320, ₹160
രാവിലെ 50, വൈകിട്ട് 8 രൂപ
രാവിലെ 50-60 രൂപയ്ക്ക് വിൽക്കുന്ന മത്തിയും അയലയും വൈകിട്ട് 8-10 രൂപയ്ക്കാണ് മത്സ്യത്തൊഴിലാളികൾ വിൽക്കുന്നത്. വൈകിട്ടോടെ ഇത് ചീഞ്ഞുപോകുന്നതിനാൽ നഷ്ടം സഹിച്ചും വിറ്റുതീർക്കുകയാണ്. മീൻ സ്റ്റോക്ക് ചെയ്യാൻ സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്നം. മത്സ്യഫെഡിനും ഇതിനുള്ള സംവിധാനമില്ല.
''സമീപകാലത്തെ ഏറ്റവും വലിയ വിലയിടിവാണിത്. പിടിക്കുന്ന മീൻ അന്ന് വൈകിട്ട് വിറ്റ് തീർക്കണമെന്നതാണ് പ്രതിസന്ധി. ഇതിന് പരിഹാരമാകണമെങ്കിൽ മത്സ്യം സൂക്ഷിക്കുന്നതിനുള്ള സംവിധാനം സംസ്ഥാനത്ത് വരണം""
ചാൾസ് ജോർജ്,
മത്സ്യത്തൊഴിലാളി ഐക്യവേദി
സംസ്ഥാന പ്രസിഡന്റ്
''ഈ സീസൺ കഴിയുമ്പോൾ മത്തിക്കും അയലയ്ക്കും മൂന്നൂറോ അതിന് മുകളിലോ വില എത്തിയേക്കും. വലിയ മീനുകളുടെ ലഭ്യത കുറയുമ്പോൾ മത്തിക്കും അയലയ്ക്കും ഡിമാൻഡും വിലയും കൂടും.
ടി.നൗഷാദ്,
മത്സ്യകച്ചവടക്കാരൻ, തമ്മനം