കോലഞ്ചേരി: കടയിരുപ്പിലെ റോഡരികിലെ മാലിന്യ നിക്ഷേപത്തിനെതിരെ നാട്ടുകാർ ശക്തമായി രംഗത്ത്. വിവിധ ഇടങ്ങളിൽ കാമറകൾ സ്ഥാപിച്ചപ്പോൾ കാമറയില്ലാത്ത സ്ഥലംനോക്കി മാലിന്യം തള്ളുന്ന സംഘം കടയിരുപ്പിലേയ്ക്ക് എത്തിയതോടെയാണ് നാട്ടുകാർ രംഗത്തിറങ്ങുന്നത്.
കോലഞ്ചേരി -പട്ടിമറ്റം റോഡിലെ പുത്തൻചിറയ്ക്ക് സമീപം കയറ്റം കയറി വരുന്ന ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്താണ് നിലവിൽ മാലിന്യം നിക്ഷേപിക്കുന്നത്. ഇവിടെ റോഡിനിരുവശവും അറവുമാലിന്യങ്ങളും പ്ലാസ്റ്റിക്കും ഉപയോഗശൂന്യമായ വസ്തുക്കളും കുമിഞ്ഞുകഴിഞ്ഞു. മഴപെയ്താൽ ഇവ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയും മലിനജലം ഒഴുകി പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസായ പുത്തൻചിറയിലേയ്ക്ക് എത്തുകയും ചെയ്യുന്നു. ഐക്കരനാട് പഞ്ചായത്തിൽ ശുദ്ധജലവിതരണം ചെയ്യുന്ന ഏക സ്രോതസാണിത്. ഇവിടേയ്ക്ക് മലിനജലം ഒഴുകിയെത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. മാലിന്യം കുന്നുകൂടിയതോടെ തെരുവ് നായ്ക്കൾ റോഡിൽ വലിച്ചിടുന്നതും പതിവു കാഴ്ചയാണ്. കടയിരുപ്പിൽ നിന്ന് ദേശീയപാതയിലേയ്ക്ക് കടക്കുന്ന പെരിങ്ങോൾ റോഡിലും സമാന അവസ്ഥ തന്നെ. പ്ളാസ്റ്റിക് ചാക്കുകളിൽ നിറച്ചാണ് ഇവിടെ മാലിന്യം തള്ളുന്നത്. വിവിധയിടങ്ങളിലെ മത്സ്യ സ്റ്റാളുകളിലെ വേസ്റ്റും കോഴിക്കടകളിലെ ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളുമടക്കമാണ് തള്ളിയിരിക്കുന്നത്. നേരത്തെ പട്ടിമറ്റം റൂട്ടിൽ തെക്കേ കവലയ്ക്കും അഗാപ്പെ കമ്പനിക്കും ഇടയിലെ റോഡിലായിരുന്നു മാലിന്യ നിക്ഷേപം വ്യാപകമായിരുന്നത്. അവിടെ അഗാപ്പെ കമ്പനിയുടെ മേൽനോട്ടത്തിൽ അത്യാധുനിക കാമറകൾ സ്ഥാപിച്ച് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ നിരീക്ഷണ സംവിധാനം ഒരുക്കിയതോടെ മാലിന്യം തള്ളൽ കടയിരുപ്പ് ഭാഗത്തേയ്ക്ക് മാറ്റി. പൊതുവെ ആൾത്താമസം കുറഞ്ഞ പ്രദേശമാണിവിടം. ഇതു മറയാക്കിയാണ് മാലിന്യം വൻ തോതിൽ നിക്ഷേപിക്കുന്നത്. ഈ സാഹചര്യത്തിൽ വിവിധ ക്ലബുകളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും പിന്തുണയോടെ രാത്രികാല നിരീക്ഷണ സംഘത്തെ നിയോഗിച്ച് മാലിന്യമെറിയുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ നൽകാനാണ് പഞ്ചായത്ത് അധികൃതരുടെ തീരുമാനം.