തോപ്പുംപടി: കൊച്ചി താലൂക്ക് പരിധിയിലെ സർക്കാർ ആശുപത്രികളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി വൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഡി.എം.ഒ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരിത്തറ ഉദ്ഘാടനം ചെയ്തു. പള്ളുരുത്തി ഗവ.താലൂക്ക്‌ ആശുപത്രിയിൽ ഇരുപത്തിനാല്‌ മണിക്കൂറും കാഷ്വലിറ്റി പ്രവർത്തനസജ്ജമാക്കുക, ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക. കൊച്ചി കരുവേലിപ്പടി ആശുപത്രിയിൽ വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന മോർച്ചറിയും പോസ്‌റ്റുമോർട്ടം തിയേറ്ററും തുറക്കുക, മട്ടാഞ്ചേരി താലൂക്ക്‌ ആശുപത്രിയിൽ സ്‌കാനിംഗിന് സ്ഥിരം ജോലിക്കാരെ നിയമിക്കുക. ഫോർട്ടുകൊച്ചി താലൂക്ക്‌ ആശുപത്രിയിൽ സ്ഥിരം സൈക്കാട്രി ഡോക്‌ടറെ നിയമിക്കുക,​ എറണാകുളം ജനറൽ ഹോസ്‌പിറ്റലിലെ സ്‌കാനിംഗ് മെഷീൻ പ്രവർത്തന സജ്ജമാക്കുക ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. രാജീവ് പള്ളുരുത്തി, എം. എം.സലിം, സി.എസ്.ജോസഫ്, ഹാരിസ് അബു, സുബൈബത്ത് ബീഗം എന്നിവർ സംസാരിച്ചു. സി.പി.പൊന്നൻ, കെ.എച്ച്.പ്രീതി, ഷീജ സുധീർ, ഷെരീഫ്, കബീർ കൊച്ചി എന്നിവർ സമരത്തിന് നേതൃത്വം നൽകി.