school

കൊച്ചി: വടക്കഞ്ചേരിയിലുണ്ടായ അപകടത്തിൽ ഉറ്റമിത്രങ്ങളെ നഷ്ടപ്പെട്ടതിന്റെ നടുക്കം മാറാതെയാണ് മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്നലെ സ്‌കൂളിലെത്തിയത്.

നിറകണ്ണുകളോടെയത്തിയവരെ അദ്ധ്യാപകർ ചേർത്തുപിടിച്ച് ക്ലാസുകളിലേക്ക് എത്തിച്ചു. മാതാപിതാക്കൾക്കൊപ്പമാണ് പലരുംവന്നത്. മൂന്ന് ചങ്ങാതിമാരെ നഷ്ടപ്പെട്ട വേദന ഉള്ളിലൊതുക്കി പത്താംക്ലാസ് വിദ്യാർത്ഥിനി മണീട് പാറമുറ്റത്തിൽ എൽസബ സൈമൺ അപകടത്തിൽ കണ്ണിനേറ്റ പരിക്കുമായി എത്തി. ബസിൽ എൽസബയുടെ തൊട്ടുമുന്നിലുള്ള സീറ്റിലാണ് മരിച്ച ദിയയും എൽനയും ഇരുന്നത്. എൽസബയുടെ അച്ഛൻ സൈമൺ ഇതേ സ്‌കൂളിലെ ബസ് ഡ്രൈവറാണ്. പിന്നാലെയെത്തിയ പാർവതി കണ്ണുകളും ഈറനണിഞ്ഞിരുന്നു. പരിക്കേറ്റ മറ്റുചില വിദ്യാർത്ഥികളും സ്‌കൂൾ അങ്കണത്തിലെ പള്ളിയിലെത്തി പ്രർത്ഥിക്കുന്നുണ്ടായിരുന്നു.

സ്മാരകമൊരുക്കും
ജീവൻപൊലിഞ്ഞ കുട്ടികളുടെ ഫ്ളക്‌സ് ബോർഡുകളും മറ്റും സ്‌കൂൾ അങ്കണത്തിൽ നിന്ന് സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മാറ്റിയിരുന്നു. അഞ്ജന അജിത്, സി.എസ്. ഇമ്മാനുവൽ, ക്രിസ് വിന്റർബോൺ തോമസ്, ദിയ രാജേഷ്, എൽന ജോസ് എന്നീ വിദ്യാർത്ഥികളുടെയും കായികാദ്ധ്യാപകൻ വി.കെ. വിഷ്ണുവിന്റെയും സ്മരണ നിലനിറുത്തുന്നതിന് സംവിധാനമൊരുക്കുമെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു.

പരീക്ഷയ്ക്ക് മുന്നേ സംഘടിപ്പിച്ച യാത്ര

പത്ത്, പ്ലസ് ടു ക്ലാസുകളിലെ പൊതുപരീക്ഷ മുന്നിൽക്കണ്ടാണ് ഒക്ടോബറിൽ വിനോദയാത്ര തീരുമാനിച്ചതെന്ന് സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് ജോർജ് പറഞ്ഞു. കുട്ടികൾക്ക് മൂന്നുമാസം കൗൺസലിംഗ് നൽകും. പരിക്കേറ്റവരുടെയുൾപ്പെടെ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ അദ്ധ്യാപകർ നേരിട്ടെത്തും.

''ഇത്തരം ദുരന്തങ്ങൾ വന്നാൽ അതിൽ ഉൾപ്പെട്ടവർക്കും അതിജീവിച്ചവർക്കും മാതാപിതാക്കൾക്കും മാനസിക പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. പത്ത്, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പൊതുപരീക്ഷ അടുത്തുവരുന്നതും പരിഗണിച്ചു. പത്തു ശതമാനം കുട്ടികളിൽ ഇത്തരം അപകടങ്ങളുടെ അവശേഷിപ്പുണ്ടാകും. അദ്ധ്യാപകർക്കും പരിശീലനം നൽകും""

ഡോ.സി.ജെ. ജോൺ,​

മാനസികാരോഗ്യ വിദഗ്ദ്ധൻ