മട്ടാഞ്ചേരി: മട്ടാഞ്ചേരി ജല മെട്രോക്കായി ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നു. കൊച്ചി മെട്രോയുടെ ഭാഗമായുള്ള ജല മെട്രോ പദ്ധതിയിൽ അനുവദിച്ച മട്ടാഞ്ചേരി ജെട്ടി നിർമ്മാണത്തോടുള്ള അവഗണനയും സ്തംഭനവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിലയിരുത്തിയാണ് ജനകീയ കൂട്ടായ്മയിൽ പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നത്.

സായാഹ്ന ധർണ, കടകൾ കൂടുതൽ നേരം തുറന്ന് പ്രതിഷേധ ജ്വാലയൊരുക്കൽ, കേന്ദ്ര- സംസ്ഥാന സർക്കാർ ഏജൻസികൾക്കും ജനപ്രതിനിധികളടക്കമുള്ളവർക്കും നിവേദനം നൽകൽ എന്നിവയാണ് പ്രക്ഷോഭത്തിന്റെ ആദ്യഘട്ടത്തിൽ നടക്കുക. മട്ടാഞ്ചേരിയിൽ ജല മെട്രോ യാഥാർത്ഥ്യമാക്കണമെന്നാവശ്യവുമായി വ്യാപാരികൾ, വാണിജ്യ സംഘടനകൾ, സാമൂഹ്യ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവ ചേർന്ന് മട്ടാഞ്ചേരി ജല മെട്രോ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ജെട്ടി നിർമ്മാണത്തിന് പണം അനുവദിക്കുക, ജെട്ടി നിർമ്മാണ സ്തംഭനം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് കിഷോർ ശ്യാംജി, വൈസ് പ്രസിഡന്റ് റോക്കി സി.നരോത്ത്, കൺവീനർ ഭരത് എൻ.ഖോന, അറാഫത്ത് നാസർ ജനറൽ സെക്രട്ടറി എസ്.കൃഷ്ണകുമാർ, ജോ.സെക്രട്ടറി അക്സൽ ബാലചന്ദ്രൻ എന്നിവരടങ്ങുന്നവരാണ് കൗൺസിൽ ഭാരവാഹികൾ.