nagarasabha-paravur-
പഷ്ണിത്തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് - ബി.ജെ.പി കൗൺസിലർമാർ നഗരസഭ കവാടത്തിന് മുന്നിൽ പ്രതിഷേധിക്കുന്നു

പറവൂർ: നഗരത്തിലെ പഷ്ണിത്തോട്ടിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ അലംഭാവം കാട്ടുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പ്രതിഷേധിച്ചു. മാലിന്യം നിക്ഷേപിക്കാൻ അനുവദിക്കരുതെന്നും മാലിന്യം തള്ളുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും എൽ.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്തെ വാർഡുകൾക്ക് പുറമേ കോട്ടുവള്ളി പഞ്ചായത്തിലെ ഏതാനും വാർഡുകളിലുള്ളവരും പഷ്ണിത്തോടിന്റെ ഇരുകരകളിലുമായി താമസിക്കുന്നുണ്ട്. ഭക്ഷണ അവശിഷ്ടങ്ങളും അറവ് മാലിന്യങ്ങളും ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നതുമൂലം സമീപ പ്രദേശത്തുള്ളവർക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും, റെസിഡന്റ്സ് അസോസിയേഷനുകളും നിരവധി പരാതികൾ നൽകിയിട്ടുണ്ട്. രണ്ട് വർഷം മുൻപ് പത്ത് ലക്ഷം രൂപ നഗരസഭ ചെലവിട്ട് പഷ്ണിത്തോട് ശുചീകരിച്ചെങ്കിലും ഫലമുണ്ടായില്ല. ഭരണപക്ഷത്തിന്റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ്, ബി.ജെ.പി അംഗം കൗൺസിൽ യോഗം ബഹിഷ്കരിച്ച് നഗരസഭാ കവാടത്തിന് മുന്നിൽ ധർണ നടത്തി. കൗൺസിലർമാരായ എൻ. ഐ.പൗലോസ്, കെ.ജെ.ഷൈൻ, ഇ.ജി.ശശി, എം.കെ.ബാനർജി, ജ്യോതി ദിനേശൻ, ഷൈനി രാധാകൃഷ്ണൻ, ജയ ദേവാനന്ദൻ, ജി.ഗിരീഷ്, ആഷ മുരളി, രഞ്ജിത്ത് മോഹൻ എന്നിവർ നേതൃത്വം നൽകി. അതേസമയം,

പഷ്ണിത്തോട്ടിലെ മാലിന്യം നീക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി പറഞ്ഞു. പൊലീസിന്റെ സഹകരണത്തോടെ രാത്രി പെട്രോളിംഗ് നടത്തും. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.പ്രതിപക്ഷ സമരം രാഷ്ട്രീയ താത്പര്യത്തോടെയുള്ളതാണെന്നും ചെയർപേഴ്സൺ പറഞ്ഞു.